ശബരിമല സ്വർണക്കൊള്ള വിവാദം; അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പ്രതിപട്ടികയിൽ സുനിൽ കുമാറിന്റെ പേരും ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി.
മുന്‍പ് പുറത്ത് വന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും ഇന്നത്തെ യോഗം വിശദമായി പരിശോധിച്ചു. സുനിൽ കുമാറിന്റെ ഭാഗത്ത് നിന്നും ഗൗരവമായ വീഴ്ചയുണ്ടായതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
പ്രതിപട്ടികയിലെവരിൽ ഇപ്പോഴും സർവീസിൽ തുടരുന്നത് രണ്ട് പേരാണ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷമാണ് സുനിൽ കുമാറിനെതിരായ നടപടി.
കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ചയും നിയമോപദേശം ആവശ്യമാണ് എന്നതാണ് ബോർഡ് യോഗത്തിന്റെ വിലയിരുത്തൽ. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കൽ പോലുള്ള നടപടികൾ സ്വീകരിക്കണമെങ്കിൽ, കോടതി കുറ്റക്കാരെന്ന് കണ്ടെത്തണം എന്നും യോഗം നിരീക്ഷിച്ചു.
ഇതിനിടെ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. ഔദ്യോഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ബോർഡ് യോഗം നടക്കുന്നതിനിടെയാണ് അന്വേഷണ സംഘം എത്തിയത്.
Tag: Sabarimala gold loot controversy; Assistant engineer suspended