keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ള; പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആവശ്യപ്പെടാ ശബരിമല കർമ സമിതി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച്, ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തെ രാഷ്ട്രപതിയുടെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനത്തോടെയാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. സന്ദര്‍ശന വേളയില്‍ ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലേക്കുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആവശ്യപ്പെടാനാണ് സമിതിയുടെ പദ്ധതി.

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ മാതൃക അനുസരിച്ച്, ശബരിമല ക്ഷേത്രത്തിനും സ്വതന്ത്ര ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനായി, രാഷ്ട്രപതി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയില്‍ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. നിലവില്‍ പത്മനാഭസ്വാമി ക്ഷേത്രം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. കമ്മിറ്റിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവരാണ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബര്‍ 22-ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോള്‍, സമിതിക്ക് കാണാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും വീഴ്ചയും തന്നെയാണ് സ്വര്‍ണം കാണാതാകലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

“ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതുകൊണ്ട്, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കാനായി രാഷ്ട്രപതിക്ക് ഇത് സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും,”എന്ന് എസ്.ജെ.ആര്‍. കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

ഇതുപോലെ തന്നെ, 1993-ല്‍ അയോധ്യ രാമക്ഷേത്ര വിഷയത്തിലും അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ സുപ്രീം കോടതിയോട് അഭിപ്രായം തേടിയിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 143 രാഷ്ട്രപതിക്ക് പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലോ നിയമപരമായ പ്രശ്നങ്ങളിലോ സുപ്രീം കോടതിയുടെ ഉപദേശം തേടാനുള്ള അധികാരം നല്‍കുന്നു.

ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനു ശേഷമാണ്, അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ, പള്ളി പണിയുന്നതിനു മുന്‍പ് ആ സ്ഥലത്ത് ഏതെങ്കിലും ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിനെക്കുറിച്ച് സുപ്രീം കോടതിയുടെ അഭിപ്രായം തേടിയത്. എന്നാല്‍ 1993-ല്‍ സുപ്രീം കോടതി അതില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

ഇതേ മാതൃകയില്‍, ഇപ്പോള്‍ ശബരിമല ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആവശ്യപ്പെടാനാണ് കര്‍മ സമിതിയുടെ നീക്കം.

Tag: Sabarimala gold loot; Sabarimala Karma Samiti seeks presidential reference

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button