keralaKerala NewsLatest NewsUncategorized

ശബരിമല സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സ്വർണ്ണപ്പാളി ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സമഗ്ര അന്വേഷണം വേണം എന്നാവശ്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നിലവിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, ക്രൈംബ്രാഞ്ച് അല്ലെങ്കിൽ കോടതി നിയോഗിക്കുന്ന പ്രത്യേക സംഘം മുഖാന്തിരം മുഴുവൻ കാര്യങ്ങളും പരിശോധിക്കണമെന്ന് ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടും. ഈ ദിശയിൽ മുന്നോട്ടുപോകാൻ ദേവസ്വം മന്ത്രിയുടെ നിർദേശവും ലഭിച്ചതായാണ് സൂചന.

1999 മുതൽ 2025 വരെ ദേവസ്വം ഭാരവാഹികളും അംഗങ്ങളും മന്ത്രിമാരും എഴുത്തുകുത്തുകളും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ നിലപാട്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയ സംഭവം വലിയ വിവാദമായിരുന്നു. അതിനുശേഷമാണ് ഹൈക്കോടതി ദേവസ്വം വിജിലൻസിന് സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ വ്യക്തമാകുകയും, അത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുറന്നു സമ്മതിക്കുകയും ചെയ്തു. സ്വർണം പൂശിയ ഭാഗം ചെമ്പായി മാറിയ സംഭവം, ചട്ടം മറികടന്ന് സ്വർണ്ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്, അതുപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിൽ സംഭാവനകളും പണപ്പിരിവുകളും നടത്തിയ സംഭവം തുടങ്ങി നിരവധി തട്ടിപ്പുകൾ പുറത്തുവന്നു. വിവാദങ്ങൾക്ക് പിന്നാലെ കാണാതായ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.

ദേവസ്വം മന്ത്രി, ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. “ഒന്നും മറയ്ക്കാനില്ല, എല്ലാം വെളിച്ചത്തു വരണം” എന്നതാണ് സർക്കാരിന്റെ നിലപാട്. സ്വർണ്ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈകളിൽ കൊടുക്കാൻ പാടില്ലായിരുന്നുവെന്നും, അത് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Tag: Sabarimala gold medallion controversy; Travancore Devaswom Board prepares to approach High Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button