ശബരിമല സ്വർണക്കൊള്ള കേസ്; ഗോവർധനെ സാക്ഷിയാക്കാൻ നീക്കം, SIT നിയമോപദേശം തേടുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധനെ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
അന്വേഷണപ്രകാരം, ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനാണ് വിറ്റത്. സ്വർണം ശബരിമലയിലെതാണെന്ന് താൻ അറിഞ്ഞില്ലെന്നും ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. 2020-ലാണ് ഈ ഇടപാട് നടന്നതെന്ന് SIT സ്ഥിരീകരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മൊത്തം 476 ഗ്രാം സ്വർണം വിറ്റതായാണ് കണ്ടെത്തൽ. അതിൽ 400 ഗ്രാമിലധികം സ്വർണം SIT ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്തു. നാണയങ്ങളുടെ രൂപത്തിൽ ലഭിച്ച സ്വർണം ഗോവർധൻ കട്ടികളാക്കി മാറ്റിയതായാണ് റിപ്പോർട്ട്. സ്വർണക്കട്ടികളുടെ രൂപത്തിലാണ് സ്വത്ത് കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പൊതുമുതൽ മോഷ്ടിച്ചുവെന്ന കുറ്റവും ഉൾപ്പെടുത്തി ചുമത്താനാണ് SITയുടെ തീരുമാനം. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണനാണയങ്ങളും മോഷണമുതലാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം, ബെംഗളൂരുവിലെ ശ്രീരാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പഴയ താമസസ്ഥലത്ത് SIT പരിശോധന നടത്തി. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ ആ അപ്പാർട്ട്മെന്റിൽ താമസിക്കുന്നതെന്ന് വിവരം. ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലാണ് ഗോവർധനും ഉണ്ണികൃഷ്ണൻ പോറ്റിയും ആദ്യമായി പരിചയപ്പെട്ടത്. അന്ന് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല പൂജാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും അറിയുന്നു.
ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിൽ പ്രദർശിപ്പിച്ച് പൂജകളും നടത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസിന് പണിക്കൂലിയായി നൽകിയ 109 ഗ്രാം സ്വർണം വീണ്ടെടുക്കാനുള്ള നടപടികളും SIT ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റി കർണാടകത്തിലെ നിരവധി പേരിൽ നിന്ന് സ്വർണവും പണവും സ്വീകരിച്ചതായും SIT കണ്ടെത്തി. സ്പോൺസർഷിപ്പിന്റെ പേരിൽ പലതവണ സ്വർണം നൽകിയതായി ഗോവർധനും മൊഴി നൽകിയിട്ടുണ്ട്. ശബരിമല സന്നിധാനത്തെ വാതിലിലും കട്ടിലയിലുമായി പൂശാനായി സ്വർണം നൽകിയതും താനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ക്രിയേഷൻസിൽ തന്റെ പേരിൽ ഗോൾഡ് സർട്ടിഫിക്കറ്റ് നൽകിയതായും ഗോവർധൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
Tag: Sabarimala gold robbery case; Move to make Govardhan a witness, SIT seeks legal advice



