keralaKerala NewsLatest NewsUncategorized

ശബരിമല സ്വർണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രാഥമിക പരിശോധന പൂർത്തിയായതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ നീക്കം.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുവന്ന സ്വർണപ്പാളി ഏറെ ദിവസങ്ങൾ ഹൈദരാബാദിൽ സൂക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും പരിശോധന നടക്കും. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ അന്വേഷണത്തിൽ ആവശ്യമായ ഫയലുകൾ കണ്ടെത്താനായിട്ടില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം, ബന്ധപ്പെട്ട അധികാരികളെയും പ്രതിചേർക്കാനുള്ള നീക്കത്തിലാണ്.

ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥർക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനകം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെതിരായ നടപടികളും ഉടൻ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്. പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയിലെ യോഗദണ്ഡ് സ്വർണം കെട്ടിച്ചതുമായി ബന്ധപ്പെട്ട കാര്യവും പ്രത്യേക സംഘം അന്വേഷിക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അധികാരദുരുപയോഗം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം കുടുംബനേട്ടത്തിന് വിനിയോഗിച്ചതായും നിഗമനമുണ്ട്. എ. പദ്മകുമാറിന്റെ മകനാണ് യോഗദണ്ഡിൽ സ്വർണം കെട്ടിച്ചതെന്നാണ് റിപ്പോർട്ട്. സംഭവം ദേവസ്വം വിജിലൻസും പ്രത്യേകമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tag: Sabarimala gold robbery case; Unnikrishnan Potty will be taken into custody and questioned immediately

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button