ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം സഭയിൽ കടുത്ത രാഷ്ട്രീയ സംഘർഷം. സഭ ആരംഭിച്ചതോടെ പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധധിച്ചു ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതായും അതിനുത്തരവാദിയായി ദേവസ്വം മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തെ സഭയിൽ ചർച്ചയ്‌ക്ക് അനുവദിക്കുന്നില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി, സ്പീക്കറുടെ ഇരിപ്പിടം മറച്ച് ബാനർ കെട്ടുകയും “ശരണം” വിളിച്ചുകൊണ്ട് പ്രതിഷേധം തുടരുകയും ചെയ്തു. ബാനറിൽ “അയ്യപ്പന്റെ സ്വർണം കട്ടവർ, അമ്പലം വിഴുങ്ങികൾ” എന്ന വാചകമായിരുന്നു എഴുതിയിരുന്നത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റ് പ്രത്യാഘാതം പ്രകടിപ്പിച്ചതോടെ സഭയിൽ കനത്ത ബഹളം ഉണ്ടായി. അവസ്ഥ നിയന്ത്രണാതീതമായതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സഭ പുനരാരംഭിക്കുമ്പോൾ പ്രതിഷേധം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.
ഇതിനിടെ, ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ ഗൗരവമായ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു. സംഭവത്തിൽ ചില സ്പോൺസർമാരും ഉദ്യോഗസ്ഥരും കൂട്ടുകെട്ടുണ്ടാക്കിയെന്ന സംശയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
2019ൽ പാളികൾ “ചെമ്പ്” എന്ന് രേഖപ്പെടുത്തിയതത് ധാരണാപിഴവാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൊഴിനൽകിയെങ്കിലും, സ്വർണപ്പാളികളിൽ തൂക്കക്കുറവ് ഉണ്ടായതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോറ്റി കൊണ്ടുപോയത് അതേ പാളിയാണോ മടക്കിക്കൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമായേക്കുമെന്നതും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tag: Sabarimala gold temple controversy; Opposition protests in the legislative assembly