ശബരിമലയിലെ സ്വർണക്കവർച്ച കേസ്; അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും

ശബരിമലയിലെ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള പരിശോധന രണ്ടാം ദിവസത്തിലേക്ക് നീങ്ങി. മൂന്ന് ദിവസത്തേക്ക് നിശ്ചയിച്ചിട്ടുള്ള ഈ പരിശോധന ഞായറാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ള അമൂല്യ വസ്തുക്കൾ സ്ട്രോങ്ങ് റൂമിൽ മുഴുവൻ നിലനിലക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനോടൊപ്പം, ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട പാളികളുടെയും പരിശോധന ഇന്ന് നടക്കും. ചിങ്ങമാസത്തിൽ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി കഴിഞ്ഞ മാസം തിരികെ എത്തിച്ച പാളികളാണ് ഇപ്പോൾ പരിശോധിക്കുന്നത്. 2019-ൽ നവീകരണത്തിനായി എടുത്ത പാളികൾ തിരികെ ലഭിക്കാത്തത് വ്യക്തമായ സാഹചര്യത്തിൽ, ഈ പരിശോധന ഏറെ നിർണ്ണായകമാണെന്ന് കരുതപ്പെടുന്നു.
പരിശോധനയുടെ ഭാഗമായി സ്മാർട്ട് ക്രിയേഷൻസിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി എത്താനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം. അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് വിവരശേഖരണം നടത്തുന്നത്. ഈ സംഘത്തിൽ അമിക്കസ് ക്യൂറിയോടൊപ്പം ശബരിമല സ്പെഷ്യൽ ഓഫീസർ, ഹൈക്കോടതിയുടെ സ്പെഷ്യൽ കമ്മീഷണർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, വിജിലൻസ് പ്രതിനിധികൾ, കൂടാതെ മറ്റ് ആറ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സന്നിധാനത്തിലെ പരിശോധന ഇന്ന് പൂർത്തിയായതിന് ശേഷം, മൂന്നാം ദിവസം ആയ തിങ്കളാഴ്ച ആറന്മുളയിലുള്ള സ്ട്രോങ്ങ് റൂമിലെയും പരിശോധനകൾ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ നടക്കും.
Tag: Sabarimala gold theft case; Amicus Curiae-led investigation to continue today