ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും, രേഖകളിൽ അവയെ ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയതിൽ സുധീഷിന് നേരിട്ടുള്ള പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
മഹസറിൽ വ്യാജവിവരങ്ങൾ ഉൾപ്പെടുത്തി, പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം തട്ടിയെടുക്കാൻ സുധീഷ് കുമാർ സഹായം നൽകിയതാണെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2019-ൽ ദ്വാരപാലക ശില്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സമയത്ത് സുധീഷ് കുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി അംഗീകരിക്കാനുള്ള ശുപാർശ ദേവസ്വം ബോർഡിന് സമർപ്പിച്ചതും സുധീഷാണ്.
സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും പാളികൾ നീക്കം ചെയ്തപ്പോഴും രേഖകളിൽ ‘ചെമ്പ്’ എന്നതുതന്നെ രേഖപ്പെടുത്തിയതായി കണ്ടെത്തി. കൂടാതെ, പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയല്ലായിരുന്നിട്ടും മഹസറിൽ അദ്ദേഹത്തിന്റെ പേരാണ് ചേർത്തതെന്ന് തെളിവുകളും ലഭിച്ചിട്ടുണ്ട്. സ്വർണം മോഷ്ടിക്കാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സുധീഷ് കുമാർ സഹായം ചെയ്തുവെന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അദ്ദേഹത്തെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണസംഘം അറിയിച്ചു.
Tag: Sabarimala gold theft case; Former Devaswom executive officer arrested



