ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡിന്റെ രേഖകളിൽ ക്രമക്കേടുണ്ടെന്ന് ഹെെക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന്റെ രേഖകൾ ക്രമക്കേടുണ്ടെന്ന് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വിശ്വാസ്യതയില്ലാത്ത ആളാണെന്നും, ഇത്തരക്കാരനെ ദേവസ്വം ഉദ്യോഗസ്ഥർ എന്തിനാണ് വിശ്വസിച്ചതെന്നും കോടതി ചോദിച്ചു. സ്വർണ്ണക്കവർച്ചയിൽ അഴിമതിയുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.
2025 ജൂലൈ 28 വരെ തയ്യാറാക്കിയ മിനുട്ടുകൾ ക്രമരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റംബറിൽ ദ്വാരപാലക പാളി മാറ്റിയ സമയത്തും അതുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലിൽ വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലക ശിൽപ്പപാളിയും വാതില്പാളിയും അളവെടുക്കാൻ നന്ദൻ എന്ന ആശാരിയെ ഉണ്ണികൃഷ്ണൻ പോറ്റിയാണ് നിയോഗിച്ചത്. നട തുറന്നിരുന്ന സമയത്ത് മേൽശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ് നടന്നത്, പക്ഷേ ദേവസ്വം ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെയായിരുന്നു നടപടി.
ദേവസ്വം ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകൾ സംശയകരമാണെന്നും, വിശ്വാസ്യതയില്ലാത്ത വ്യക്തിയെ അവർ വിശ്വസിച്ചതിന്റെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ചെന്നൈയിൽ എത്തിയ സമയത്ത് ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 2025-ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാനായി ബോർഡ് അടിയന്തിര സാഹചര്യം സൃഷ്ടിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോർഡ് അധികൃതർ ബോധപൂർവം ലംഘിച്ചതായി കോടതി വ്യക്തമാക്കി. ക്ഷേത്രസ്വത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടുവെന്നും ഹൈക്കോടതി വിമർശിച്ചു.
ശബരിമലയിലെ സ്വത്തുസംരക്ഷണത്തിന് ഹൈക്കോടതി പ്രതിജ്ഞാബദ്ധമാണെന്നും, ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നുവോയെന്ന് എസ്ഐടി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് എന്ന നിരീക്ഷണത്തോടെയാണ് ഡിവിഷൻ ബെഞ്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി അവസാനിപ്പിച്ചത്. പുതിയ സ്വമേധയാ ഹർജി ഹൈക്കോടതി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
Tag: Sabarimala gold theft case; High Court finds irregularities in Devaswom Board’s records



