ശബരിമല സ്വർണക്കൊള്ള കേസ്; ജസ്റ്റിസ് കെ. ടി. ശങ്കരൻ വീണ്ടും സന്നിധാനത്ത് പരിശോധന നടത്തും

ശബരിമല സ്വർണക്കൊള്ള കേസിനെ തുടർന്ന് ജസ്റ്റിസ് കെ. ടി. ശങ്കരൻ വീണ്ടും സന്നിധാനത്തിലെ പരിശോധനയ്ക്ക് എത്തും. നട തുറന്നതിന് ശേഷം സന്നിധാനത്തിലെ സ്ട്രോങ്ങ് റൂം വീണ്ടും പരിശോധിക്കാനാണ് തീരുമാനം. മുമ്പ് മൂന്ന് ദിവസങ്ങളിലായി നടത്തിയ ആദ്യഘട്ട പരിശോധനയിൽ അദ്ദേഹം ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്പങ്ങളുടെയും അവയിലെ പാളികളുടെയും സ്ഥിതിയും വിശദമായി പരിശോധിച്ചിരുന്നു. എങ്കിലും കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് ശങ്കരൻ വ്യക്തമാക്കി. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സുരക്ഷാ നിയന്ത്രണങ്ങൾ പരിഗണിച്ചായിരിക്കും പരിശോധനകൾ നടത്തുക എന്നതാണ് വിവരം. ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂം തുറന്ന് പരിശോധന നടത്താനുള്ള നീക്കവും പിന്നീട് ഉണ്ടായേക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം ഇനി കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന്, അന്വേഷണസംഘം സ്ഥാപനത്തിലെ അധികാരികളെയും തുടർനടപടികളിൽ പ്രതിചേർക്കാനാണ് സാധ്യത.
Tag; Sabarimala gold theft case; Justice K. T. Sankaran will again inspect the Sannidhanam