ശബരിമല സ്വർണ കൊള്ളക്കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

ശബരിമല സ്വർണ കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം ശക്തമായി തുടരുന്നതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. പ്രതിപട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുനിൽകുമാറിനെതിരെ നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. 2019-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ സർവീസിലുള്ളത് ഈ രണ്ട് പ്രതികളാണ്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിച്ചവരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടയുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യാനാണ് സാധ്യത.
അതേസമയം, സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അന്വേഷണ സംഘം സ്മാർട്ട് ക്രിയേഷനിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഈ രേഖകൾ കടത്തിക്കൊണ്ടുപോയതാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Tag: Sabarimala gold theft case; Travancore Devaswom Board to meet today