keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു, ഇന്ന് കോടതിയിൽ ഹാജരാക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ നാളെ കോടതിയിൽ ഹാജരാക്കും.

നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐടി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച സ്വർണം കൽപേഷിന് കൈമാറിയത് പോറ്റിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. അദ്ദേഹത്തിന്റെ ബംഗളൂരു യാത്ര ദുരൂഹമാണെന്നും മുൻ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും എസ്‌ഐടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്തും അന്വേഷണ സംഘം പരിശോധന നടത്തി. ഉച്ചയോടെ പുളിമാത്തുള്ള വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

ശബരിമല സ്വർണക്കൊള്ളയെ സംബന്ധിച്ച് എസ്‌ഐടി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് — ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവും കട്ടിളപ്പാളിയിലെ സ്വർണമോഷണവും. രണ്ടും കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ഒൻപത് പേരാണ് പ്രതികളായി ചേർക്കപ്പെട്ടത്. മുൻ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), സുനിൽ കുമാർ (അസിസ്റ്റന്റ് എഞ്ചിനീയർ), ഡി. സുധീഷ് കുമാർ (എക്സിക്യൂട്ടീവ് ഓഫീസർ), ആർ. ജയശ്രീ (ദേവസ്വം സെക്രട്ടറി), കെ.എസ്. ബൈജു (തിരുവാഭരണ കമ്മീഷണർ), ആർ.ജി. രാധാകൃഷ്ണൻ (തിരുവാഭരണ കമ്മീഷണർ), രാജേന്ദ്ര പ്രസാദ് (എക്സിക്യൂട്ടീവ് ഓഫീസർ), രാജേന്ദ്രൻ നായർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ശ്രീകുമാർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) എന്നിവരാണ് പ്രതികൾ.

കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിൽ എട്ട് പേരാണ് പ്രതികളായിരിക്കുന്നത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ കൽപേഷും 2019-ലെ ദേവസ്വം കമ്മീഷണറും 2019-ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറും ഉൾപ്പെടുന്നു.

Tag: Sabarimala gold theft case; Unnikrishnan Potty arrested, will be produced in court today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button