ശബരിമല സ്വർണക്കൊള്ള കേസ്; കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ചതിനാണ് ഈ കേസ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടുനൽകും.
ഇതുവരെ ശബരിമല ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിലാണ് പോറ്റിയെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, കട്ടിലപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഇപ്പോഴാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ഇതിനിടെ, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയനിഴലിലായിരുന്ന കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിക്കുമെന്ന് സൂചനയുണ്ട്. ശബരിമലയിൽ നിന്നുള്ള സ്വർണത്തിന്റെ ഭാഗം ഇനിയും കണ്ടെത്താനുണ്ടെന്നാണ് എസ്ഐടി നിഗമനം.
Tag: Sabarimala gold theft case; Unnikrishnan Potty’s arrest recorded in Kattilapally gold theft case



