keralaKerala NewsLatest News

ശബരിമല സ്വർണക്കൊളള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും അറസ്റ്റ് സംബന്ധിച്ച് വ്യക്തതയില്ല. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചതായാണ് വിവരം.

കേസിൽ മുരാരി ബാബുവിൻ്റെ പങ്ക് വളരെ വ്യക്തമാണെന്നാണ് റിപ്പോർട്ട്. ആരോപണങ്ങളെത്തുടർന്ന് ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. 2019-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിൻ്റെ കാലത്താണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞതിന് പകരം ‘ചെമ്പ് പൊതിഞ്ഞത്’ എന്ന് രേഖപ്പെടുത്തിയത്. വ്യാജ രേഖ ചമച്ചതിൻ്റെ തുടക്കം ഇദ്ദേഹത്തിൻ്റെ കാലത്താണെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിലെ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നാണ് ബി. മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബു പറഞ്ഞിരുന്നത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിലുള്ളവരാണെന്നും അദ്ദേഹം വിശദീകരിച്ചു. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tag: Sabarimala gold theft; Former administrative officer Murari Babu taken into custody by SIT

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button