ശബരിമല ഈ വര്‍ഷവും പ്രത്യേക സുരക്ഷാമേഖല
പത്തനംതിട്ട: ഈ വര്‍ഷത്തേക്കുകൂടി ശബരിമലയെയും പരിസരപ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ഇത് കണക്കിലെടുത്താണ് ശബരിമല പരിസര പ്രദേശങ്ങളെ പ്രത്യേക സുരക്ഷ ആവശ്യമുള്ള മേഖലയാക്കി തന്നെ നിലനിര്‍ത്തിയത്.
ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുന്നത്. ശബരിമല യുവതി പ്രവേശനത്തോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങള്‍ മൂലം 2018ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാമേഖലയാക്കിയത്. കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി. അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്.