ശബരിമല വിഷയം തലയ്ക്ക് വട്ടുപിടിച്ചോരല്ലാതെ പറയില്ല: ആളെ പറ്റിക്കാൻ വേണ്ടിയാണത്; രമേശ് ചെന്നിത്തലയേയും സുധാകാരനേയും വിമർശിച്ച് മന്ത്രി എം.എം മണി

തിരുവനന്തപുരം: ശബരിമല വിധി മറികടക്കാൻ കോൺഗ്രസ് നിയമനിർമാണം നടത്തുമെന്ന് പറയുന്നത് ആളെ പറ്റിക്കാൻ വേണ്ടിയാണെന്ന് മന്ത്രി എം.എം മണി. ഇവന്മാർ എന്നും ഇങ്ങിനെയല്ലേ, ശബരിമല വിഷയം സ്വബോധം ഉള്ളവരാരും ഇപ്പോൾ പറയില്ല. ജനങ്ങളെ കബളിപ്പിച്ച് നാല് വോട്ട് തട്ടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു.
‘വിധി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്. അതിനെതിരെ നിയമം കൊണ്ടുവരുക എന്ന് പറഞ്ഞാൽ ബഡായീന്ന് അല്ലാതെ എന്ത് പറയാൻ. തലയ്ക്ക് വട്ടുപിടിച്ചോരല്ലാതെ, ചെന്നിത്തലയെ പോലുള്ളവർക്കല്ലാതെ ഇതൊന്നും പറയാൻ കൊള്ളുകേല. സുപ്രീംകോടതി എന്താണോ പറയുന്നത് ആ കാര്യം നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും യോഗംവിളിച്ച് നിലപാട് എടുക്കും. അതല്ലേ ശരി’യെന്നും മന്ത്രി എം.എം മണി ചോദിച്ചു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്. വിഷയം കോടതിയുടെ മുന്നിൽ ഇരിക്കുന്നതിനാൽ പ്രതികരണം നടത്തേണ്ടെന്നാണ് സി.പി.എം നിലപാട്. യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം എൽ.ഡി.എഫ് സർക്കാർ മാറ്റികൊടുത്തത് കൊണ്ടാണ് സുപ്രീംകോടതി യുവതീപ്രവേശന വിധി പുറപ്പെടുവിച്ചതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിക്കുന്നു. സത്യവാങ്മൂലം മാറ്റിനൽകുമോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റ് നേടി ചരിത്രവിജയം നേടിയതും എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി വീണതും ശബരിമല വിധി പിണറായി സർക്കാർ തിടുക്കപ്പെട്ട് നടപ്പാക്കിയത് കൊണ്ടാണ്. അതുകൊണ്ട് ശബരിമല തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്ന് ഇരുമുന്നണികൾക്കും അറിയാം. ആളിക്കത്തിക്കാൻ യു.ഡി.എഫും അനങ്ങാതിരിക്കാൻ എൽ.ഡി.എഫും ആവുന്ന ശ്രമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ. സുധാകരനെ വിമർശിക്കുകയും ചെയ്‌തു. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചിരിക്കുകയാണ്. തലയ്ക്ക് സുഖമുള്ളവർ തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ലെന്നും മണി പറഞ്ഞു. തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛൻ ജീവിച്ചതെന്നും ഇപ്പോൾ ജയിലിൽ കിടക്കുന്നവരെ പോലെ മോഷ്ടിച്ചല്ലെന്നും മന്ത്രി പറഞ്ഞു.