Kerala NewsLatest News

ഭാര്യ മരിച്ചിട്ടും ചികിത്സാപ്പിരിവ് തുടര്‍ന്ന് യുവാവ്, പരാതിയുമായി പിതാവ്

കോട്ടയം: ഭാര്യ മരിച്ചിട്ടും ചികിത്സാപ്പിരിവ് തുടര്‍ന്ന് ഭര്‍ത്താവ്. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍, കൈയില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നിട്ടും സാമൂഹിക മാധ്യമത്തിലൂടെ ലക്ഷങ്ങള്‍ പിരിക്കുകയായിരുന്നു യുവാവ്. എന്നാല്‍ ഭാര്യ മരിച്ചിട്ടും ചികിത്സാപ്പിരിവ് തുടരുകയാണ്് യുവാവ്.
സംഭവത്തില്‍ മരിച്ച യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. മരണവിവരം അറിയാതെ, വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന പഴയ പോസ്റ്റുകള്‍ കണ്ട് ആളുകള്‍ ഇപ്പോഴും അക്കൗണ്ടിലേക്ക് പണം ഇടുകയാണ് ഇത് ഉപയോഗിച്ച് യുവാവ് സുഖമായി ജീവിക്കുകയാണ്. ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ അച്ഛന്‍ പരാതിയില്‍ പറയുന്നു. നാല് ലക്ഷത്തോളും രൂപ തന്റെ കൈയില്‍ നിന്ന് വാങ്ങിയിരുന്നു.

എത്ര തുക വേണമെങ്കിലും തരാമെന്ന് താന്‍ പറയുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയില്‍ നിന്ന് ചികിത്സയ്ക്ക് യുവാവ് പണം വാങ്ങിയെന്നും പരാതിയിലുണ്ട്. ഭാര്യ മരിച്ചപ്പോള്‍ ആശുപത്രിക്കാരെ പറഞ്ഞുപറ്റിച്ച് മുഴുവന്‍ തുകയും നല്‍കാതെ മൃതദേഹവും യുവാവ് കൊണ്ടുപോയി. സിനിമകളിലെ വില്ലന്മാരെപ്പോലും വെല്ലുന്ന ഈ ചാരിറ്റി തട്ടിപ്പിനെതിരേ, മരിച്ച യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്. തിരുവല്ല സ്വദേശിനിയായ 30-കാരിയെ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മേയിലാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് നെഗറ്റീവായെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ജൂണ്‍ 24-ന് യുവതിയും മരിച്ചു.

ഇതിനിടെയിലാണ് യുവതിയുടെ ഭര്‍ത്താവ് സാമൂഹികമാധ്യമത്തിലൂടെ ചികിത്സാ സഹായം തേടി പോസ്റ്റിട്ടത്. അക്കൗണ്ടിലേക്ക് 35 ലക്ഷത്തിലധികം രൂപ ലഭിച്ചു. ആശുപത്രിയില്‍ 26 ലക്ഷം രൂപയുടെ ബില്ലായി. ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ആശുപത്രിക്കാര്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചു. ആശുപത്രിക്കാരെ പറഞ്ഞുപറ്റിച്ച് മൃതദേഹവുമായി യുവാവ് കടന്നു കളഞ്ഞു.

യുവതിയുടെ വീട്ടില്‍വെച്ചായിരുന്നു മരണാനന്തര ചടങ്ങുകള്‍. ചടങ്ങുകള്‍ക്കു ശേഷം ഇയാള്‍ തങ്ങളുടെ വീട്ടിലേക്ക് വന്നിട്ടില്ലെന്നും മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വര്‍ണവും മടക്കിനല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. യുവതി മരിച്ചതറിയാതെ, പഴയ ഫെയ്‌സ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങള്‍ കണ്ട് ആളുകള്‍ ഇപ്പോഴും പണം ഇടുന്നുണ്ട്. ഇതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരുവല്ല ഡിവൈ.എസ്.പി.ക്കാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button