ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം; വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് മുതൽ ആരംഭിക്കും

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന സീസണിനായി വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് മുതൽ ആരംഭിക്കും. sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഇന്ന് അഞ്ച് മണിയ്ക്ക് ശേഷം ബുക്കിംഗ് നടത്താവുന്നതാണ്. ഒരു ദിവസം പരമാവധി 70,000 ഭക്താക്കൾക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ട് ബുക്ക് ചെയ്യാം.
അതേസമയം, വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മാർഗ്ഗത്തിൽ ഒരു ദിവസം 20,000 പേർക്ക് വരെ ദർശനത്തിനായി പ്രവേശനം ലഭിക്കും. തീർത്ഥാടകർക്ക് ലഭ്യമായ ഇൻഷുറൻസ് പരിരക്ഷ ഈ വർഷം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നാലു ജില്ലകളിൽ അപകടമരണം സംഭവിച്ചവർക്കു മാത്രമായിരുന്നു പരിരക്ഷ ലഭിച്ചിരുന്നത്. ഈ വർഷം മുതൽ ശബരിമല യാത്രയ്ക്കിടെ കേരളത്തിലെ എവിടെയായാലും അപകടം സംഭവിച്ചാൽ 5 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി കേരളത്തിനകത്ത് 30,000 രൂപ വരെയും, സംസ്ഥാനത്തിന് പുറത്തേക്ക് 1ലക്ഷം രൂപ വരെ ആംബുലൻസ് ചെലവിനായി അനുവദിക്കും.
ഇൻഷുറൻസ് പരിരക്ഷ ദേവസ്വം ബോർഡിലെ സ്ഥിരം, ദിവസവേതന ജീവനക്കാർക്കും ശബരിമല ഡ്യൂട്ടിയിൽ പ്രവർത്തിക്കുന്ന മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ലഭ്യമാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളാൽ സംഭവിക്കുന്ന സ്വാഭാവിക മരണങ്ങൾക്കും ഇതുവരെ നഷ്ടപരിഹാരം ഉണ്ടായിരുന്നില്ല. ഈ വർഷം മുതൽ അത്തരം മരണങ്ങൾക്കും ₹3 ലക്ഷം ധനസഹായം ലഭ്യമാക്കുന്ന പിൽഗ്രിം വെൽഫെയർ നിധി ആരംഭിക്കുന്നു.
ഇൻഷുറൻസ് പരിഗണിക്കുന്നതിന് വെർച്വൽ ക്യൂ ബുക്കിംഗ് ഐഡി തന്നെ അടിസ്ഥാന രേഖയായതിനാൽ, പരമാവധി ഭക്തർ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
Tag: Sabarimala Mandala-Makaravilakku pilgrimage; Virtual queue booking to begin from this evening



