ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിലപാടെടുത്ത കേരളത്തിലാണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയിലടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.അധികാരത്തില്‍ വന്നാല്‍ കേസ് പിന്‍വലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.