തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും

പത്തനംതിട്ട: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം നടത്തുക.
ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം. കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താം.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.