ശബരിമല തീര്‍ഥാടനം: സര്‍ക്കാരിനെ വിമര്‍ശിച്ച് പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ക്കു വിഘാതമുണ്ടാക്കുന്ന രീതിയില്‍ നിയന്ത്രണം കൊണ്ടുവന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. നട തുറക്കാന്‍ കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ഥാടന മുന്നൊരുക്കങ്ങളിലും അതൃപ്തിയറിച്ചിരിക്കുകയാണ് കൊട്ടാരം. തീര്‍ഥാടനം സംബന്ധിച്ച് സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും വ്യക്തതയില്ല.
ശബരിമല ഇടാത്താവളങ്ങളിലും നിലയ്ക്കലിലും ശുചിമുറികള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. റോഡുകളുടെ അറ്റകുറ്റപണിയില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ നടപ്പായില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ വേണമെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ആവശ്യപ്പെട്ടു. തിരുവാഭരണ ദര്‍ശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങള്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിര്‍വാഹക സമിതി.
സാധാരണ തീര്‍ഥാടന കാലത്ത് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ഫണ്ട് നീക്കി വയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാല്‍ ക്രമീകരണങ്ങള്‍ മുടങ്ങിയിരിക്കുകയാണ്.