keralaKerala NewsLatest News

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അനുമതിയില്ലാതെ നീക്കം ചെയ്തതായി ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അനുമതിയില്ലാതെ നീക്കം ചെയ്തതായി ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളി ചെന്നൈയിലെ സ്ഥാപനത്തിലേക്കാണ് മാറ്റിയത്. അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സന്നിധാനത്ത് ശ്രീകോവിലിന് മുന്നില്‍ ഇടത്തും വലത്തുമായി കരിങ്കല്ലില്‍ നിര്‍മിച്ച രണ്ടു ദ്വാരപാലക ശില്‍പങ്ങളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഭക്തന്റെ വഴിപാടിന്റെ ഭാഗമായി ഇവയ്ക്ക് സ്വര്‍ണം പൂശിയിരുന്നു. ശ്രീകോവിലിന്റെ സ്വര്‍ണപ്പൂശിയ അലങ്കാരങ്ങളുടെ ഭാഗമായാണ് ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണം അണിയിച്ചിരുന്നത്. എന്നാല്‍, ഈ സ്വര്‍ണപ്പാളികള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ നീക്കം ചെയ്ത് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ശ്രീകോവിലിനോട് ചേര്‍ന്ന് നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്കെല്ലാം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി നിര്‍ബന്ധമാണെന്നതാണ് നിലവിലെ നിര്‍ദേശം. കൂടാതെ സ്വര്‍ണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സന്നിധാനത്ത് തന്നെ നടക്കണമെന്നും, ഇത്തരത്തിലുള്ള ഇടപാടുകള്‍ക്കായി പ്രത്യേക നിരീക്ഷണ സമിതിയുടെ മേല്‍നോട്ടവും മുന്‍കൂര്‍ കോടതിയാനുമതിയും വേണമെന്നുമാണ് കോടതി ഉത്തരവുകള്‍.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് വ്യത്യസ്തമായ നിലപാട് വ്യക്തമാക്കി. തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടും തന്ത്രിയുടെ സമ്മതമോടും കൂടിയാണ് സ്വര്‍ണപ്പാളികള്‍ നീക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. “സ്വര്‍ണപ്പാളികളില്‍ കേടുപാടുകള്‍ കണ്ടിരുന്നു. മണ്ഡലക്കാലത്തിന് മുന്‍പ് അവ പരിഹരിക്കാനായിരുന്നു നടപടി. മിനുക്കി തിരികെ സ്ഥാപിക്കാനാണ് ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതിയും ഒപ്പം ഉണ്ടായിരുന്നു,” എന്നും അദ്ദേഹം വിശദീകരിച്ചു.

Tag: Sabarimala Special Commissioner’s report says gold plating on Sabarimala Dwarapalaka sculpture was removed without permission

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button