അനുകൂല നടപടിയുണ്ടായില്ലങ്കിൽ 22 മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്; സമരം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ശക്തമാക്കി പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ യാണ് പുതിയ നടപടി. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ എൽജിഎസ് ഉദ്യോഗാർത്ഥികൾ ഈ മാസം 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിൽ ജനപങ്കാളിത്തവും ദിനംപ്രതി കൂടുകയാണ്.
ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പരിസരം കീഴടക്കുകയാണ്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇനി ഇവർക്കുള്ള ആകെ പ്രതീക്ഷ. എൽജിഎസ് ഉദ്യോഗർത്ഥികൾ സെക്രട്ടേറിയറ്റ് പരിസരത്ത് ശയനപ്രദക്ഷിണ സമരം നടത്തി. സമരത്തിനിടെ തളർന്നു വീണ ലയ രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
ഒത്തുതീർപ്പ് ചർച്ചകൾക്കായി ഡിവൈഎഫ്‌ഐ നേതാക്കൾ നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടർ ചർച്ചകൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. താത്കാലിക തസ്തികകൾ സ്ഥിരപ്പെടുത്തുക. താത്കാലിക ജീവനക്കാരെ മാറ്റി ലിസ്റ്റിലുള്ളവരെ തത്സ്ഥാനത്ത് നിയമിക്കുക എന്നതാണ് എൽജിഎസ് ആവശ്യം. അതേസമയം സിപിഒ റാങ്ക് ഹോൾഡേഴ്‌സ് പ്രതീകാത്മ തൂക്കിലേറ്റൽ സമരം നടത്തി. നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സിന്റെ സമരവും സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുകയാണ്.