Kerala NewsLatest NewsUncategorized

കൊറോണ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി

തിരുവനന്തപുരം : കൊറോണ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം താഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേ സമയം വാക്സീൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സഭ പ്രമേയം പാസാക്കും.

സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനത്തെ ചൊല്ലി വലിയ തർക്കമാണ് സഭയിൽ ഉണ്ടായത്. പ്രതിപക്ഷത്തിനായി എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങൾ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണെന്ന് പറഞ്ഞ എം കെ മുനീർ അമ്പതിൽ വയസിൽ താഴെയാണ് കൂടുതലും മരണമെന്നും ചൂണ്ടിക്കാട്ടി. മൂന്നാം തരംഗം കൂട്ടികളെ കൂടുതൽ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാൻ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.

ആദ്യ ഡോസ് വാക്സിൻ എടുത്ത ആളാണ് ഞാനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണ് എന്ന് പോലും അറിയില്ലെന്നും മുനീർ സഭയിൽ പറ‍ഞ്ഞു. ജനസംഖ്യ അനുപാതത്തിൽ അല്ല വാക്സിൻ വിതരണമെന്ന് ആരോപിച്ച മുനീർ കേന്ദ്രത്തിനു എതിരായ ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്പോൾ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീ‌‌‌ർ‌ കുറ്റപ്പെടുത്തി.

മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നിൽ എന്ന് പറയണ്ടതെന്നും മുനീ‌‌‌ർ പറഞ്ഞു. വാക്സിൻ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോ‌ർജ്ജ് മറുപടി നൽകി. രണ്ടാം തരംഗത്തിന് മുമ്പ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചുവെന്നും കൊറോണ പ്രതിരോധ ശ്രമങ്ങളെ താഴ്ത്തി കാട്ടാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button