Latest NewsNationalSports

ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിന്‍

തന്റെ 24 വര്‍ഷം നീണ്ട കരിയറില്‍ പന്ത്രണ്ടു വര്‍ഷത്തോളം ഓരോ മത്സരങ്ങള്‍ക്ക് മുന്‍പും ഉത്കണ്ഠ പ്രശ്നങ്ങള്‍ താന്‍ നേരിട്ടിട്ടിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോവിഡ്ക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ചും താരങ്ങള്‍ ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു മത്സരത്തിന് ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം, മാനസികമായും നാം സ്വയം തയ്യാറാകേണ്ടതുണ്ടെന്ന് കാലക്രമേണ ഞാന്‍ മനസ്സിലാക്കി, എന്റെ മനസ്സില്‍ ഞാന്‍ മൈതാനത്ത് ഇറങ്ങുന്നതിന് വളരെ മുന്‍പ് തന്നെ മത്സരം ആരംഭിക്കുമായിരുന്നു. ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലായിരുന്നു” അണ്‍അക്കാദമി നടത്തിയ ഒരു പരിപാടിയില്‍ സച്ചിന്‍ പറഞ്ഞു.

” 10-12 വര്‍ഷം ഞാന്‍ ഉത്കണ്ഠ അനുഭവിച്ചു. ഒരു മത്സരത്തിന് മുന്‍പ് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ എനിക്ക് ഉണ്ടായി. പിന്നീട് അതെല്ലാം എന്റെ മത്സര മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മനസ്സിലാക്കി. രാത്രി ഉറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞാന്‍ തന്നെ എന്റെ മനസിനെ സമാധാനത്തിലാക്കി. അതിനായി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ തുടങ്ങി”

“ആ “എന്തെങ്കിലുമില്‍” വെറുതെ ബാറ്റ് ചെയ്യുന്നതും, കുറെ നേരം ടിവി കാണുന്നതും, ഗെയിം കളിക്കുന്നതും എല്ലാം ഉള്‍പ്പെടും. രാവിലെ ഒരു ചായ ഉണ്ടാക്കുന്നത് പോലും എന്നെ മത്സരത്തിനായി ഒരുങ്ങാന്‍ സഹായിച്ചിരുന്നു.” സച്ചിന്‍ പറഞ്ഞു.

കളിക്കാര്‍ എപ്പോഴും അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോകാനുള്ളവരാണ്. അത് എന്ത് തന്നെ ആയാലും നിസഹായത തോന്നുമ്ബോള്‍ അത് അംഗീകരിക്കുകയാണ് വേണ്ടത് എന്ന് സച്ചിന്‍ പറയുന്നു.

“ഒരു പരുക്ക് പറ്റുമ്ബോള്‍, ഫിസിയോയും ഡോക്ടറും പരിശോധിക്കുകയും എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് മനസിലാക്കുകയും ചെയ്യും. മനസികാരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആരായാലും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോകുക എന്നത് സ്വാഭാവികമാണ് പക്ഷേ നിങ്ങള്‍ തളര്‍ന്ന് പോകുമ്ബോള്‍ നിങ്ങള്‍ക്ക് ചുറ്റും ആരെങ്കിലും വേണം.”

“അംഗീകരിക്കുക എന്നതാണ് ഇവിടെ പ്രധാനം. കളിക്കാരന് വേണ്ടി മാത്രമല്ല അവര്‍ക്ക് ചുറ്റുമുളളവര്‍ക്ക് വേണ്ടിയും. നിങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പരിഹാരത്തിനായി നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും.”

താന്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ ജീവനക്കാരനില്‍ നിന്നും പഠിച്ച പോലെ, ഒരാള്‍ക്ക് ആരില്‍ നിന്ന് വേണമെങ്കിലും പഠിക്കാമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

“എനിക്ക് മുറിയിലേക്ക് ദോശ കൊണ്ടുവന്നു തന്ന ആള്‍, അത് മേശക്ക് മുകളില്‍ വെച്ച ശേഷം, എനിക്ക് ഒരു ഉപദേശം തന്നു. എന്റെ എല്‍ബോ ഗാര്‍ഡ് ചൂണ്ടിക്കാണിച്ച്‌ ഇതാണ് എന്റെ ബാറ്റിന്റെ സ്വിങ്ങിനെ ബാധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തില്‍ അത് തന്നെയായിരുന്നു. ആ പ്രശ്നം മനസിലാക്കാന്‍ അദ്ദേഹം എന്നെ സഹായിച്ചു.”

കഴിഞ്ഞ വര്‍ഷം ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് മുതല്‍ തളരാതെ ജോലി ചെയ്യുന്ന എല്ലാ കോവിഡ് മുന്‍നിര പോരാളികള്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button