‘ഞങ്ങൾ സച്ചിനെ പിന്തുണയ്ക്കുന്നു; ‘ഭാരതരത്‌നത്തെ’ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല

മുംബൈ: കർഷക സമരത്തെ പിന്തുണച്ചു ട്വീറ്റിട്ട വിദേശികളെ, വിമർശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് പിന്തുണയുമായി അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ ആരാധകരുടെ പ്രകടനം. ‘ഞങ്ങൾ സച്ചിനെ പിന്തുണയ്ക്കുന്നു’, പ്രശസ്തമായ ‘സച്ചിൻ…സച്ചിൻ..’ മുദ്രവാക്യങ്ങളുമായാണ് ആരാധകർ മുംബൈയിലെ സച്ചിന്റെ വസതിക്കു മുൻപിൽ തടിച്ചുകൂടിയത്.
‘ഭാരതരത്‌നത്തെ’ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല എന്നെഴുതിയ പ്ലാക്കാർഡുകളും അവർ ഉയർത്തി. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.
ഇതിനെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളിൽ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ചു പ്രതിഷേധിച്ചിരുന്നു.