സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ഇനി ഓസ്ട്രേലിയൻ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ഇനി ഓസ്ട്രേലിയൻ വിനോദസഞ്ചാര മേഖലയിലെ വളർച്ചയ്ക്കായി പ്രവർത്തിക്കും. ഓസ്ട്രേലിയൻ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സാറയെയാണ് നിയമിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സാറയെ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കാനാണ് ശ്രമം.
മെഡിക്കൽ ബിരുദം നേടിയ സാറ ടെണ്ടുൽക്കർ മോഡലിംഗിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി പ്രവർത്തിക്കുന്നുമുണ്ട്. ഓസ്ട്രേലിയയിൽ വിനോദസഞ്ചാരികളെ കൂടുതൽ എത്തിക്കാൻ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ടെലിവിഷൻ പരസ്യങ്ങളിലും സാറ അഭിനയിക്കും. വിദേശികളെ ആകർഷിക്കാൻ 130 മില്യൺ ഡോളർ വിലമതിക്കുന്ന പദ്ധതികളാണ് ഓസ്ട്രേലിയൻ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചൈന, ഇന്ത്യ, യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തുന്ന ‘കം ആൻഡ് സേ ഗുഡേ’ ക്യാംപെയ്‌നിന്റെ ഭാഗമായാണ് സാറ പ്രവർത്തിക്കുക. സ്റ്റീവ് ഇർവിന്റെ മകൻ റോബർട്ട് ഇർവിൻ, ചൈനീസ് നടൻ യോഷ് യു, ജാപ്പനീസ് കൊമേഡിയൻ അബാരു കുൻ, ഓസ്ട്രേലിയൻ നടൻ തോമസ് വെതറാൽ എന്നിവരും ഈ ക്യാംപെയ്‌നിൽ പങ്കുചേരും.
അതേസമയം, ക്യാംപെയ്‌നിൽ സാറയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Tag: Sachin Tendulkar’s daughter is now the brand ambassador of the Australian tourism project