‘ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല’: ജോജിക്കെതിരെ സച്ചിദാനന്ദൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. ആമസോൺ പ്രൈമിൽ ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിക്കുന്നത്.
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ, മുണ്ടക്കയം ജോജി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജോജി ഒരുക്കിയതെന്ന് ദിലീഷ് പോത്തൻ നേരത്തേ പറഞ്ഞിരുന്നു. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കർ എന്നിവർ വീണ്ടും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രൂക്ഷമായി വിമർശിച്ച് സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. ദിലീഷ് പോത്തന്റെ കഴിഞ്ഞ രണ്ട് സിനിമകൾ കണ്ടതിനാൽ അൽപ്പം പ്രതീക്ഷയോടെയാണ് ജോജി കണ്ടതെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ, ഒരു നല്ല സിനിമയോ നല്ല എന്റർടെയ്നറോ പോലുമല്ല ജോജിയെന്ന് സച്ചിദാനന്ദൻ കുറിച്ചു.
തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയത് കൂടുതൽ അസ്വസ്ഥതയുണ്ടാക്കി. ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. മാക്ബെത്തിന്റെ പ്രാകൃതമായ ആവിഷ്കകാരം മാത്രമായി ജോജി ചുരുങ്ങിയെന്ന് സച്ചിദാനന്ദൻ പറയുന്നു.
സിനിമയുടെ പ്രശ്നം വിശദാംശങ്ങളിൽ അല്ലെന്നും കൺസെപ്റ്റിൽ തന്നെയാണെന്നും പറയുന്ന ഫെയ്സ്ബുക്ക് കുറിപ്പ് അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ലെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതൽ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാൽ ഭരദ്വാജിന്റെ “മക്ബൂൽ ” പോലുള്ള അനുവർത്തനങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാൻ കഴിഞ്ഞില്ല. ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കൻ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാർത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദർശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളിൽ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘർഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളിൽ അല്ല, concept-ൽ തന്നെയാണ്, അതിനാൽ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.
അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ജോജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോത്തൻസ് ബ്രില്യൻസ് വീണ്ടും എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. മറ്റ് രണ്ട് സിനിമകളേക്കാൾ മികച്ച ചിത്രമാണെന്നാണ് പൊതുവിൽ സിനിമയെ കുറിച്ച് വന്ന റിവ്യൂകൾ.