സഹിന്‍ ആന്റണിയെ സസ്‌പെന്റ് ചെയ്തു
കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ഗാഢമായ ബന്ധം കാത്തുസൂക്ഷിച്ച കുറ്റത്തിന് സഹിന്‍ ആന്റണിയെ 24 ന്യൂസ് സസ്‌പെന്റ് ചെയ്തു. മോന്‍സണ്‍ നല്‍കിയ വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തില്‍ ജാതി സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് സസ്‌പെന്‍ഷനു കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മടത്തെ സസ്പെന്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മോന്‍സണിന്റെ വ്യാജ ചെമ്പോലയുമായി ബന്ധപ്പെട്ട് സഹിന്‍ ആന്റണിക്കെതിരെയും ആരോപണമുണ്ടായത്.
എന്നാല്‍ മാനേജ്‌മെന്റ് സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ അഡ്വ. ശങ്കു ടി. ദാസിന്റെ നേതൃത്വത്തില്‍ വ്യാജ ചെമ്പോല കാട്ടി വാര്‍ത്ത കെട്ടിച്ചമച്ച 24 ന്യൂസിനെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ ആയിരക്കണക്കിനുപേര്‍ പരാതി നല്‍കിയതോടെയാണ് സഹിന്‍ ആന്റണിയെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്നും കൊട്ടാരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വ്യാജ ചെമ്പോല ചാനലിനു കുരുക്കാകുമെന്നു വന്നതോടെയാണ് ഉത്തരവാദിത്തം റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ മേല്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുത്തെന്നു വരുത്തി ചാനലിനെതിരായ നടപടികളില്‍ നിന്നു രക്ഷപ്പെടാനാണ് ശ്രീകണ്ഠന്‍ നായരുടെ ശ്രമം. ചാനലിന്റെ ടിആര്‍പി റേറ്റിംഗ് മുന്നോട്ടുകൊണ്ടുവരാന്‍ ഏതുവാര്‍ത്തയും ചെയ്യാമെന്ന അനൗദ്യോഗിക നിലപാട് മാനേജ്‌മെന്റ് എടുത്തിരുന്നതായും സൂചനയുണ്ട്. ചാനല്‍ റേറ്റിങില്‍ ഏഷ്യാനെറ്റിനു വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയര്‍ന്ന 24 ന്യൂസിനു മരംമുറി, മോന്‍സന്‍ വിവാദങ്ങള്‍ കടുത്ത പ്രഹരമായി.
വിശ്വാസ്യത നഷ്ടപ്പെട്ട 24 ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ ഒഴിവാക്കി തുടങ്ങിയതോടെ പരസ്യദാതാക്കളും പിന്‍വലിയുന്നുണ്ട്. സഹിന്‍ ആന്റണിയെ അകാരണമായി സംരക്ഷിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ 24 ന്യൂസ് ജീവനക്കാരുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പുറത്തുപറയാന്‍ തയാറാവാതിരുന്നത് ശ്രീകണ്ഠന്‍ നായര്‍ എവിടെയെങ്കിലും തങ്ങളെ കുരുക്കും എന്ന് ഭയന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചാനലില്‍ സഹിന്‍ ആന്റണി മുഖേന മോന്‍സണ്‍ മാവുങ്കല്‍ രണ്ടരകോടി രൂപ നിക്ഷേപിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു.
ഇനി ആ നിക്ഷേപം പിന്‍വലിക്കപ്പെടുകയാണെങ്കില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീതിയും സഹിനെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ചാനലിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പൊതുജനം ഇടപെട്ടുതുടങ്ങിയതോടെയാണ് സഹിന്‍ ആന്റണിക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.