”ഇത്രയും സ്വർണം ചെമ്പാക്കാൻ ഒരാൾക്ക് സാധ്യമല്ല”ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്

ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് എൻഡിഎ പ്രക്ഷോഭം ശക്തമാക്കുന്നു. മോഷണം അന്വേഷിച്ചത് അന്വേഷണ ഏജൻസികൾ അല്ല, കയ്യോടെ പിടികൂടിയത് ഹൈക്കോടതിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് ആരോപിച്ചു. ദേവസ്വം ബോർഡിന് തെറ്റ് പറ്റിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്ത അദ്ദേഹം, മോഷണത്തിൽ പങ്കുള്ള ബോർഡിനെ സംരക്ഷിക്കുന്നതാണു മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആരോപിച്ചു.
ഒക്ടോബർ 17-ന് സെക്രട്ടറിയേറ്റിന് മുന്നിലും, ഒക്ടോബർ 30-ന് സംസ്ഥാനതല കേന്ദ്രങ്ങളിലുമായി എൻഡിഎ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുമെന്ന് കൃഷ്ണദാസ് അറിയിച്ചു. മൂന്നാം ഘട്ട പ്രക്ഷോഭത്തിന്റെ തീയതി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വ്യഗ്രതയും പങ്ക് ഉണ്ടെന്ന സൂചനയുമുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. “കഴിഞ്ഞ 25 വർഷമായി ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും തീവെട്ടിക്കൊള്ള നടന്നു. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ചാണ് വെട്ടിപ്പ് നടത്തിയിരുന്നത്. ഇതിൽ സിബിഐ അന്വേഷണം അനിവാര്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ്, യുഡിഎഫ് സഖ്യങ്ങൾക്ക് പകരം കേരളം എൻഡിഎയെ സ്വീകരിക്കുമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും, വികസിത കേരളം ലക്ഷ്യമാക്കി പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചതായും കൃഷ്ണദാസ് വ്യക്തമാക്കി.
“അന്നത്തെ ദേവസ്വം മന്ത്രിയേയും ബോർഡ് പ്രസിഡന്റിനെയുംതിരെ ക്രിമിനൽ കേസെടുക്കണം. ഇത്രയും സ്വർണം ചെമ്പാക്കാൻ ഒരാൾക്ക് സാധ്യമല്ല, പിന്നിൽ ബോർഡിന്റെയും ഭരണകൂടത്തിന്റെയും പങ്ക് ഉണ്ട്,” എന്നും കൃഷ്ണദാസ് ആരോപിച്ചു.
എയിംസ് വിഷയത്തിലും പ്രതികരിച്ച അദ്ദേഹം, “കേരളത്തിൽ എയിംസ് വരുമെന്ന് ജെ. പി. നദ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണേണ്ടതെന്തിനാണ്?” എന്ന് ചോദിച്ചു. സുരേഷ് ഗോപിയുടെ നിലപാടിനും അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടെന്നും, ഉചിതമായ സമയത്ത് എയിംസ് സംസ്ഥാനത്ത് വരുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Tag: said BJP National Executive Committee member P. K. Krishnadas about sabarimala gold theft case