പ്രവാസി വ്യവസായിയുടെ ആത്മഹത്യ, നഗരസഭാ ചെയർപേഴ്സണ് പോലീസിന്റെ ക്ലീൻ ചിറ്റ്

കണ്ണൂർ; ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി കിട്ടാത്തത്തിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ ആന്തുർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമള, നഗരസഭാ സെക്രട്ടറി, ടെക്നിക്കൽ എൻജിനിയർ എന്നിവർക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
ആർക്കെതിരേയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാകാം സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ പി കെ ശ്യാമളക്ക് യാതൊരു പങ്കുമില്ലെന്നാണ് കണ്ടെത്തൽ.
അതേസമയം കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ പി കെ ശ്യാമള പറഞ്ഞു. വിവാദം സിപിഎമ്മിന് പേരുദോഷം ഉണ്ടാകുന്ന തരത്തിലായിരുന്നു. ചെയ്യാത്ത തെറ്റിന് ആക്രമിക്കാനുള്ള ശ്രമമുണ്ടായി. നിലവിൽ സാജന്റെ കുടുംബവുമായി പ്രശ്നങ്ങളില്ലെന്നും ശ്യാമള പറഞ്ഞു