നാലാം ഭാര്യയ്ക്ക് പ്രതിമാസം30,000 രൂപ ജീവനാംശം നൽകണം; സമാജ് വാദി പാർട്ടി എംപിയോട് കോടതി

നാലാം ഭാര്യയ്ക്ക് പ്രതിമാസം മുപ്പതിനായിരം രൂപ ജീവനാംശം നൽകണമെന്നു സമാജ് വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്വിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി വിഷയത്തെ ഹൈക്കോടതിയുടെ മധ്യസ്ഥതാ (മീഡിയേഷൻ) കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശർമ്മ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്ന് മാസം കൊണ്ട് വിവാഹമോചനവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിലെത്താനാണ് കോടതി സമയം അനുവദിച്ചത്. നദ്വി 55,000 രൂപ കോടതിയിൽ കെട്ടിവച്ചിരുന്നു. പ്രതിമാസം 30,000 രൂപ ജീവനാംശമായി ഭാര്യയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഈ കേസിന് തുടക്കമായത്, ആഗ്രയിലെ കുടുംബകോടതിയിലെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജി 2024 ഏപ്രിൽ 1-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ നദ്വി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ്.
കേസ് പരിഗണിക്കുമ്പോൾ, വിവാഹ തർക്കം രമ്യമായി പരിഹരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു നദ്വിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അത് കോടതി അംഗീകരിച്ചു. മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജീവനാംശം നൽകുന്നതിൽ വീഴ്ചവന്നാൽ, കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്വമേധയാ അവസാനിക്കുമെന്ന് വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്.
Tag: Samajwadi Party MP to be paid Rs 30000 monthly as maintenance to fourth wife, court tells him