keralaKerala NewsLatest News

വഖഫ് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു

വിവാദ വഖഫ് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.
നിയമത്തിന്റെ മറവിൽ ഭൂമികൾ പിടിച്ചെടുക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്യുന്നുണ്ടെന്ന് സമസ്തയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും, ഉത്തർപ്രദേശിലെ ബൈറിച്ച്, സിദ്ധാർഥ് നഗർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വഖഫ് ഭൂമികൾ പിടിച്ചെടുക്കപ്പെടുകയാണെന്നും ഹർജിയിൽ പറയുന്നു.

വാദം പൂർത്തിയായിട്ടും ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടില്ലെന്നതിനെയും, കേന്ദ്രം നൽകിയ ഉറപ്പുകൾ നിലവിൽ പാലിക്കുന്നില്ലെന്നതിനെയും അടിസ്ഥാനപ്പെടുത്തി, വിവാദ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സമസ്ത ആവർത്തിച്ചു.

കഴിഞ്ഞ മേയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഫയൽ ചെയ്ത ഹർജികളിൽ വാദം പൂർത്തിയായെങ്കിലും സുപ്രീംകോടതി ഇടക്കാല ഉത്തരവ് മാറ്റിവെച്ചിരുന്നു. ഏപ്രിലിൽ കോടതി വഖഫ് സ്വത്തുക്കൾ തൽസ്ഥിതിയിൽ തുടരണമെന്നു പറഞ്ഞിരുന്നു. തുടർന്ന്, മേയ് 5 വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യുകയോ, കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പും നൽകിയിരുന്നു.

ജംയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാന അര്‍ഷദ് മദനി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എംഎല്‍എ അമാനത്തുല്ലാ ഖാന്‍, എപിസിആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍ജെഡി എംപി മനോജ് ഝാ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

അതേസമയം, വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ഭരണകൂടം അനുവദിച്ച അവകാശം മറ്റൊരു നിയമം വഴി സർക്കാർ തിരിച്ചെടുക്കാമെന്നും, അത് അടിസ്ഥാന അവകാശത്തിന് വിരുദ്ധമല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ഹിന്ദു എൻഡോവ്‌മെന്റ് സ്വത്തുകൾ മതപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാനാകൂ, എന്നാൽ, വഖഫ് സ്വത്തുകൾ മതകാര്യങ്ങൾക്കുപുറമേ സ്കൂൾ പോലുള്ള മറ്റു ആവശ്യങ്ങൾക്കും വിനിയോഗിക്കാനാകുമെന്നതാണ് വ്യത്യാസമെന്നും, അതിനാലാണ് വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംരക്ഷിത സ്മാരകങ്ങൾ രാജ്യത്തിന്റെ അഭിമാനമാണെന്നും, പല പുരാതന സ്മാരകങ്ങളും പിന്നീട് വഖഫ് സ്വത്തുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും, ഏകപക്ഷീയ തീരുമാനങ്ങൾ സ്മാരക സംരക്ഷണത്തെ ബാധിക്കുന്നുവെന്നും കേന്ദ്രം വാദിച്ചു. ഭേദഗതിയിലെ സെക്ഷൻ 3 പ്രകാരം സംരക്ഷിത സ്മാരകങ്ങളെ മതേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നും, മതപരമായ ആവശ്യങ്ങൾ തുടരാനാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, ഭേദഗതിയിലെ സെക്ഷൻ 3(ഇ) പട്ടികവർഗ–ആദിവാസി ഭൂമി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഭൂമി സർക്കാർ ഉടമസ്ഥതയാണോ എന്ന് റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കാമെങ്കിലും, ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ കോടതി മാത്രമേ അധികാരമുള്ളുവെന്നും തുഷാർ മേത്ത വ്യക്തമാക്കി.

Tag: Samastha Kerala Jamiyathul Ulama again approaches Supreme Court seeking immediate stay of Waqf Act

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button