ബഹിരാകാശത്തേക്ക് പറത്തിവിട്ട സമൂസ എത്തിയത് ഫ്രാന്‍സില്‍
ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ നീരജ് ഗാദറിന് കോവിഡ് കാലത്ത് തോന്നിയ രസകരവും വിചിത്രവുമായ പരീക്ഷണം എല്ലാവരിലും ചിരി പടര്‍ത്തുന്ന ക്ലൈമാക്‌സിലാണ് അവസാനിച്ചത്. തന്റെ റസ്റ്ററന്റില്‍ ഉണ്ടാക്കിയ സമൂസയെ ബഹിരാകാശത്തേക്ക് പറത്തിവിടാനായിരുന്നു നീരജിന്റെ പദ്ധതി. നീരജും കൂട്ടുകാരും ചേര്‍ന്ന് പറത്തിവിട്ട സമൂസ സുരക്ഷിതമായി തന്നെ ലാന്‍ഡ് ചെയ്തു. പക്ഷേ, ബഹിരാകാശത്തല്ല, ചെന്ന് വീണത് ഫ്രാന്‍സിലാണ്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് നീരജ് തന്റെ വമ്ബന്‍ പദ്ധതി അവതരിപ്പിച്ചത്. ആദ്യം തമാശയായി കേട്ട കൂട്ടുകാര്‍ എന്നാല്‍ പിന്നെ സമൂസയെ സ്‌പേസിലേക്ക് അയച്ചാലോ എന്ന് ഗൗരവമായി തന്നെ ആലോചിച്ചു. കോവിഡ് മൂലമുള്ള ആശങ്കകള്‍ക്കിടയില്‍ സന്തോഷിക്കാനുള്ള വക എന്ന നിലയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. അത് ലോകം മുഴുവന്‍ ചിരിക്കുന്ന തമാശയാകുമെന്ന് നീരജ് കരുതിയിരുന്നില്ല.
വലിയ ബലൂണില്‍ സമൂസ കെട്ടി പറത്തിവിടാനായിരുന്നു പദ്ധതി. സമൂസയുടെ സഞ്ചാരപഥം മനസ്സിലാക്കാന്‍ ഒരു ഗൊപ്രോയും ജിപിഎസ് ട്രാക്കറും ബലൂണില്‍ ഘടിപ്പിച്ചു. പദ്ധതിയൊക്കെ ആവിഷ്‌കരിച്ച് വിജയകരമായി സമൂസയേയും കൊണ്ട് ബലൂണ്‍ ഭൂമിയില്‍ നിന്ന് കുതിച്ചു. ബലൂണ്‍ പറത്തി വിട്ടതിനു ശേഷമാണ് ജിപിഎസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് നീരജിനും കൂട്ടുകാര്‍ക്കും മനസ്സിലായത്. ഏറെ പ്രതീക്ഷയോടെ താന്‍ ആവിഷ്‌കരിച്ച ‘ബഹിരാകാശ പദ്ധതി’ പാളിപ്പോയെന്ന് നീരജ് ഉറപ്പിച്ചു. ബലൂണ്‍ പറത്തി വിട്ട് അടുത്ത ദിവസമാണ് ജിപിഎസ് ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. തങ്ങള്‍ ബഹിരാകാശത്തേക്ക് പറത്തിവിട്ട സമൂസ ഫ്രാന്‍സിലെ കിക്‌സ് എന്ന സ്ഥലത്ത് ക്രാഷ് ലാന്റ് ചെയ്യുകയായിരുന്നു എന്ന് മനസ്സിലായി.
ഫ്രാന്‍സിലുള്ള ആക്‌സില്‍ മാതോണ്‍ എന്ന യുവാവ് മരക്കൊമ്ബില്‍ തൂങ്ങിക്കിടക്കുന്ന സമൂസ പെട്ടിയും ഗൊപ്രോയും കണ്ടെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. മരക്കൊമ്പില്‍ ഗൊപ്രോയും ജിപിഎസും സമൂസയും ഘടിപ്പിച്ച നിലയില്‍ ബലൂണ്‍ തൂങ്ങിക്കിടക്കുകയായിരുന്നു. എന്തായാലും പിന്നീട് സമൂസയെ അവിടെ കണ്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബഹിരാകാശത്തേക്ക് പുറപ്പെട്ട സമൂസ ഫ്രാന്‍സിലെ ഏതോ മൃഗത്തിന്റെ വയറ്റില്‍ ചെന്ന് ദൗത്യം പൂര്‍ത്തിയാക്കിക്കാണുമെന്ന് നീരജ് ചിരിയോടെ പറയുന്നു.
ഗൊപ്രോയിലെ ദൃശ്യങ്ങളില്‍ സമൂസയുടെ യാത്ര വ്യക്തമാണ്. യാത്രക്കിടയില്‍ ഏതോ വിമാനത്തേയും ബലൂണ്‍ മറികടന്നിട്ടുണ്ട്. എന്തായാലും ബലൂണ്‍ കണ്ടെത്തിയ ആക്‌സില്‍ കോവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധി മാറിയാല്‍ നീരജിന്റെ റസ്റ്ററന്റില്‍ നേരിട്ട് എത്തി കാണാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.