ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്; വിമര്‍ശനവുമായി പൊതുജനം.
ചടയമംഗലം: കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വൃദ്ധനെതിരെ പിഴ ചുമത്തിയ പോലീസുകാരനെ ചോദ്യം ചെയ്ത 18 വയസ്സുള്ള പെണ്‍കുട്ടിക്ക് അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയ.
ന്യായമായ കാര്യം ചോദ്യം ചെയ്തതിന് ഗൗരിനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയും അസഭ്യ വാക്കും പറഞ്ഞ പോലീസുകാരുടെ പ്രവര്‍ത്തിക്കെതിരെ കേരള പോലീസിന്റെ ഔദ്യോഗിക പേജിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
‘മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പൊലീസ് മാമന് പേടിയാണോ?’, ‘കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പൊലീസ് മാമാ..ജനം പ്രതികരിച്ച് തുടങ്ങി..’ എന്ന രീതിയിലാണ് ജനങ്ങള്‍ പ്രതിക്ഷേധം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളെ കണ്ട് പോലീസ് ലോക്ക്ഡൗണ്‍ ലംഘനത്തിന് പെറ്റി ചുമത്താന്‍ ശ്രമിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് പെറ്റി എഴുതിയ പോലീസുകാരനെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്കു നേരെ പോലീസ് മോശമായ രീതിയില്‍ സംസാരിക്കുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് തനിക്കെതിരെ പോലീസ് മോശമായി പെരുമാറിയെന്ന് കാണിച്ച് പെണ്‍കുട്ടി യുവജന കമ്മീഷന്‍ പരാതി നല്‍കിയിരുന്നു.