Kerala NewsLatest NewsNews

എന്റെ ഭാഗം കേട്ടില്ല, സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ…പ്രതികരണവുമായി ഐ എസ് ആര്‍ ഒ ചാരക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്ബി നാരായണനെതിരായ ഗൂഢാലോചനാ കേസ് അന്വേഷിക്കാന്‍ സിബിഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോപണവിധേയരായ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ചാരക്കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന്‍, അന്നത്തെ ഡിവൈഎസ് പി കെ.കെ. ജോഷ്വാ എന്നിവരാണ് പ്രതികരിച്ചത്.

സിബി മാത്യൂസ്

സുപ്രീം കോടതി നിയോഗിച്ച ജയിന്‍ കമ്മിറ്റി എന്റെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും ഒന്ന് വിളിച്ച്‌ അന്വേഷിക്കുക പോലും ചെയ്തില്ല. ചാരക്കേസില്‍ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയത്. സിബിഐ എന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തരുമെന്നാണ് കരുതുന്നത്.

എസ് വിജയന്‍

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍.എന്താണ് ഈ കേസില്‍ സംഭവിച്ചതെന്ന് പറയാന്‍ എനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയും ഇക്കാര്യം ചോദിച്ചില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് മുന്നില്‍ വസ്തുതകള്‍ പറയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നമ്ബി നാരായണന്‍ രാജ്യത്തിന് എന്ത് സംഭവനയാണ് നല്‍കിയത്? എനിക്കും സിബി മാത്യൂസിനും പറയാനുള്ളത് കേള്‍ക്കണം. ഞാന്‍ നമ്ബി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആരോപണവിധേയരായവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ.

സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും എല്ലാം പിന്നെ പറയാം എന്നുമായിരുന്നു കെ.കെ. ജോഷ്വായുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button