തിരുവനന്തപുരം∙സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗം ഓഫിസിൽ തീപിടുത്തം,ദുരൂഹത

തിരുവനന്തപുരം∙സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗം, പ്രോട്ടോകോൾ വിഭാഗം എന്നിവ പ്രവർത്തിക്കുന്ന ഓഫിസിൽ ചൊവാഴ്ച വൈകിട്ട് തീപിടുത്തം ഉണ്ടായി. പ്രോട്ടോകോൾ വിഭാഗത്തിന്റെ ഫയലുകൾ സൂക്ഷിച്ചിരുന്ന ഓഫീസിൽ തീപിടുത്തം 4.45ഓടെയാണ് ഉണ്ടായത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലുള്ള ഓഫിസിലെ ഫയലുകൾ അഗ്നിക്കിരയായിട്ടുണ്ട്. ചെങ്കൽചൂളയിൽ നിന്നെത്തിയ അഗ്നിശമനസേന തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതേസമയം, പ്രോട്ടോകോൾ വിഭാഗവുമായി ബന്ധപെട്ടു സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികൾ ചില വിശദീകരങ്ങൾ നേരത്തെ ആവശ്യപെട്ടിരുന്നതാണ്. ഈ സാഹചര്യത്തിൽ ഉണ്ടായ തീപിടുത്തം ദുരൂഹതയും, സംശയവും ഉണ്ടാക്കുന്നുണ്ട്. സർക്കാർ ഗസ്റ്റ്ഹൗസുകളിൽ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പ്രധാന ഫയലുകൾ ഇവിടെ സൂക്ഷിക്കാറില്ലെന്നാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടുള്ളത്. പ്രധാന ഫിയലുകൾ സുരക്ഷിതമാണെന്നും അധികൃതർ പറയുന്നുണ്ട്. അതേസമയം സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും സംഭവം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.