സന്ദീപിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലം: ജിഷ്ണു

പത്തനംതിട്ട: സിപിഎം പ്രവര്‍ത്തകനായ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
ഇത് രാഷ്ട്രീയ കൊലപാതകമല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണം. തങ്ങള്‍ ബിജെപിക്കാര്‍ അല്ലെന്നും കൊല്ലണമെന്ന് വിചാരിച്ചല്ല ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായത് എന്ന് മൂന്നാം പ്രതി നന്ദു വെളിപ്പെടുത്തി.
കൊലപാതകം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഗുണ്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം വ്യക്തമാക്കിയ പോലീസ് പിന്നീട് നിലപാട് മാറ്റിയിരുന്നു. അറസ്റ്റിലായ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.