സന്ദീപിന്റെ സംസ്‌കാരം നടത്തി: കൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവല്ല: സിപിഎം പെരിങ്ങഴ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതികള്‍ മുഴുവന്‍ പേരും പോലീസ് പിടിയില്‍. അഞ്ചാം പ്രതി അഭിയെ എടത്വായില്‍ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാല് പേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പ്രതികള്‍ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.
തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ പ്രതികള്‍ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് സന്ദീപിന്റെ സംസ്‌കാരം നടന്നു. സന്ദീപിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.