കേരളത്തിലെ സഹകരണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ സംഘപരിവാര്‍
കൊച്ചി: ശക്തമായ അടിത്തറയുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ വോട്ട് ബാങ്കുറപ്പിക്കാന്‍ കഴിയാതെ വലയുകയാണ് കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍. ഇതിനെ മറികടക്കാനായി സഹകരണ മേഖലയില്‍ ചുവടുറപ്പിക്കാനാണ് പരിവാറിന്റെ പദ്ധതി. ഇന്ത്യയില്‍ മറ്റെല്ലായിടത്തും അപ്രസക്തമായിപ്പോയ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ വേരുപിടിച്ചു നില്‍ക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ ബലത്തിലാണ്.
വോട്ടില്ലെങ്കില്‍ പൈസയില്ലെന്ന കര്‍ക്കശ നിലപാടെടുക്കുന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളാണ് മാര്‍ക്‌സിസ്റ്റ് കോട്ടകള്‍ കേരളത്തില്‍ നിലനില്‍ക്കാന്‍ ഒരു മുഖ്യകാരണമെന്ന് പല രാഷ്ട്രീയ വിശാരദരും പലപ്പോഴായി ഉദാഹരണ സഹിതം സമര്‍ഥിച്ചിട്ടുള്ളതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ വഴിയിലേക്കാണ് പരിവാര്‍ പ്രസ്ഥാനങ്ങളും തിരിഞ്ഞിരിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളുടെ ഏകോപനത്തിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച സഹകാര്‍ ഭാരതി എന്ന പരിവാര്‍ പ്രസ്ഥാനം തന്നെയാണ് കേരളത്തിലും സഹകരണ രംഗത്തെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സഹകാര്‍ ഭാരതി കേരളത്തില്‍ ചെയ്യുന്നത്.
കര്‍ണാടകയുള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനരീതിയില്‍ നിന്ന് വ്യത്യസ്തമായി സഹകരണ സംഘങ്ങളിലൂടെയും വനിത കൂട്ടായ്മകളിലൂടെയും ചെറുകിട സംരംഭക ഗ്രൂപ്പുകളിലൂടെയും മറ്റുമാണ് കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഈ ബഹുമുഖപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. പത്ത് മുതല്‍ 20 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.
സഹകാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളാണ് അക്ഷയശ്രീ. എന്‍ജിഒ ആയി പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീയെ കുടുംബശ്രീക്ക് ബദലായി ഉയര്‍ത്തികൊണ്ടുവരാനാണ് പരിവാര്‍ ഗ്രൂപ്പിന്റെ ശ്രമം. ഇത്തരം സ്വയംസഹായ സംഘങ്ങളെ ചേര്‍ത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ച് ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 7300 അക്ഷയശ്രീ സ്വയംസഹായ സംഘങ്ങള്‍ കേരളത്തിലുണ്ട്. 1.4 ലക്ഷം അംഗങ്ങളാണ് ഈ സംഘങ്ങളിലായുള്ളത്. ഈ സംഘങ്ങള്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ചെറു ചായക്കടകള്‍, തയ്യല്‍, ചെറുകിട ഉത്പാദന കേന്ദ്രങ്ങള്‍, മസാലപൊടി നിര്‍മാണം തുടങ്ങി പലഹാരങ്ങളുണ്ടാക്കി കടകളിലും വീടുകളിലും വില്‍പന നടത്തുന്നതു വരെയുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് അക്ഷയശ്രീ കൂട്ടായ്മകള്‍ നടത്തുന്നത്. രാഷ്ട്രീയ ചായ്‌വുകളോ സംഘ്പരിവാര്‍ ബന്ധമോ വ്യക്തമാക്കാതെയാണ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതെങ്കിലും ഭജന, പ്രാര്‍ഥനകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയും ഈ കൂട്ടായ്മകള്‍ നടത്തുന്നുണ്ട്. ഇതിലൂടെ ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിക്കുകയും ബിജെപിയുടെ വോട്ട് ബാങ്ക് രൂപപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. അക്ഷയശ്രീ സംഘം രൂപീകരിച്ചതിന് ശേഷം തിരഞ്ഞെടുപ്പുകളില്‍ സജീവസാന്നിധ്യമാകാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്.
അക്ഷയശ്രീ കൂട്ടായ്മകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുവാനുള്ള കേന്ദ്രങ്ങള്‍ എന്ന രൂപത്തില്‍ സഹകാര്‍ ഭാരതി അവതരിപ്പിച്ചവയാണ് സമൃദ്ധി സ്റ്റോറുകള്‍. എന്നാല്‍ ഇത് പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളായി മാറി. വിവിധ അക്ഷയശ്രീകള്‍ ചേര്‍ന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചാണ് സമൃദ്ധി സ്റ്റോറുകള്‍ തുറക്കുന്നത്. 10-12 സ്വയം സഹായ സംഘങ്ങളെ ചേര്‍ത്ത് ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തിലുള്ള അഞ്ച് ക്ലസ്റ്ററുകള്‍ ചേര്‍ത്ത് ഒരു ഫെഡറേഷന്‍ രൂപീകരിക്കും. ഓരോ ഫെഡറേഷന്റെ കീഴിലും ഓരോ സമൃദ്ധി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം സംഘാഗങ്ങള്‍ ഇതില്‍ നിന്ന് നാമമാത്രലാഭം മാത്രമാണ് എടുക്കുന്നത്. ബാക്കി തുക സേവാഭാരതി പോലുള്ള സംവിധാനങ്ങളിലൂടെയാണ് ചിലവഴിക്കുന്നത്.
ആര്‍എസ്എസിനെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹിന്ദു ബാങ്കുകള്‍ കേരളത്തില്‍ രൂപീകരണം തുടങ്ങിയിട്ടുണ്ട്. കമ്പനീസ് ആക്ട് അനുസരിച്ചുള്ള നിധി കമ്പനികളായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളാണ് ഹിന്ദു ബാങ്ക്. അംഗങ്ങളുമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദമുള്ള സ്ഥാപനങ്ങളാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വനിതകള്‍ക്കായി ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെങ്കിലും രൂപീകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സഹകാര്‍ ഭാരതി.
വനിതകളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സഹകാര്‍ ഭാരതിക്ക് ഏറെ മുന്നോട്ട് കൊണ്ടുപോകാനായിട്ടുണ്ട്. വായ്പകളും, മറ്റു കൊടുക്കല്‍ വാങ്ങലുകളുമായും വനിതകളില്‍ സ്വാധീനമുറപ്പിക്കാന്‍ സഹകാര്‍ ഭാരതിക്ക് സാധിക്കുന്നുണ്ട്. ഇത് വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതില്‍ വലിയൊരു സ്വാധീനം ചെലുത്തുന്ന ഘടകമായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.