‘ഷാഫി ജിഹാദി, കേരളം അടുത്ത കാശ്മീര്‍’; പാലക്കാട് ഇ ശ്രീധരന്‍ തോറ്റതിന്റെ രോഷത്തില്‍ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍. പാലക്കാഡ് മണ്ഡലത്തില്‍ ജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിനെ ലക്ഷ്യം വച്ചാണ് ഇത്തരക്കാരുടെ വിദ്വേഷ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഷാഫി മണ്ഡലത്തില്‍ വിജയം നേടിയത്.
എന്നാല്‍ ഷാഫിയുടെ വിജയം വിദ്വേഷ പ്രചാരണം നടത്താനുള്ള വഴിയായാണ് ചിലര്‍ കാണുന്നത്. ഷാഫി ‘ജിഹാദി’യാണെന്നും കേരളം അടുത്ത കാശ്മീര്‍ ആണെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങളാണ് ഇവര്‍ അഴിച്ചുവിടുന്നത്. ദേശീയ മാദ്ധ്യമങ്ങളുടെ വാര്‍ത്തകളുടെ കമന്റ് ബോക്സുകള്‍ വഴിയാണ് ഇത്തരക്കാര്‍ ഈ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ ബിജെപി ഇത്തവണ ഒറ്റ സീറ്റ് പോലും നേടാതായതോടെ കേരളം ബിജെപി മുക്തമായെന്ന പ്രചാരണം അരങ്ങ് തകര്‍ക്കുന്ന വേളയിലാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങളുമായി ഇക്കൂട്ടര്‍ എത്തിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ ജയംനേടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.
വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകളും ഇതിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലേക്കെത്തിയപ്പോള്‍ ഷാഫി തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
99 സീറ്റുകളില്‍ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തില്‍ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകള്‍ എന്ന നിലയിലേക്കാണ് എന്‍ഡിഎ/ബിജെപി എത്തി.