സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗററ്റിന് തീകൊളുത്തി; 50കാരന് ഗുരുതരമായി പൊള്ളലേറ്റു
ചെന്നൈ: സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റു. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികൾ ഷർട്ടിൽ വീണിരുന്നു.
സിഗററ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീപ്പൊരി ഷർട്ടിൽ വീണാണ് 50കാരന് പൊള്ളലേറ്റത്. ഷർട്ടിൽ തീ ആളിപ്പടരുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിക്കൂടിയ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മധ്യവയസ്‌ക്കന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
ചെന്നൈ അശോക് നഗർ റെസിഡൻസിൽ മരപ്പണിക്കാരനായ റൂബെനിനാണ് ശനിയാഴ്ച രാത്രി പൊാള്ളലേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റൂബെൻ സാനിറ്റൈസർ ഉപയോഗിച്ച കൈ വൃത്തിയാക്കി. ഈസമയത്ത് ഏതാനും തുള്ളികൾ ഷർട്ടിൽ വീണു. ഇക്കാര്യം ബന്ധുക്കൾ റൂബെന്റെ ശ്രദ്ധയിൽപ്പെടുത്തി. കുളിക്കാൻ പോകുമ്പോൾ ഷർട്ട് മാറ്റാമെന്ന് പറഞ്ഞ് റൂബെൻ വാഷ്‌റൂമിലേക്ക് പോയി.
അവിടെ വച്ച് സിഗററ്റിന് തീകൊളുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തീപ്പൊരി അബദ്ധത്തിൽ ഷർട്ടിലേക്ക് വീഴുകയായിരുന്നു. ഷർട്ടിൽ തീ ആളിക്കത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ 50കാരൻ സഹായത്തിനായി അലമുറയിട്ട് കരഞ്ഞു.
ഇതുകേട്ട് ഓടിക്കൂടിയ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ 50കാരന്റെ നില ഗുരുതരമാണ്.
രണ്ടു മൂന്ന് സെക്കൻഡിൽ സാനിറ്റൈസർ വായുവിൽ ആവിയായി പോകും. എന്നാൽ ഈസമയത്ത് തീപ്പൊരിയുടെ സാന്നിധ്യം ഉണ്ടായാൽ ആളിക്കത്താൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.