മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഭരണത്തില്‍ കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കളളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞുകഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാര്‍മിക ഉത്തവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വന്തം ഓഫീസ് പോലും നടത്തിക്കൊണ്ടുപാേകാന് കഴിയാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ശക്തനായ മുഖ്യമന്ത്രി അല്ല പിണറായി. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നാലുവര്‍ഷമായി ഒപ്പം പ്രവര്‍ത്തിച്ച ആളിനെ മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കഴിവുളള ഭരണാധികാരിയാണെന്ന പ്രചാരവേലമാത്രമാണ് നടക്കുന്നത്. ഉപ്പുതിന്നവര്‍ വെളളം കുടിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഉപ്പുതിന്ന എല്ലാവരും വെളളം കുടിക്കുന്നില്ല. സര്‍ക്കാരിന് പ്രതിച്ഛായയേ ഇല്ല. ഇല്ലാത്ത കാര്യം എങ്ങനെ നശിപ്പിക്കും. പി ആര്‍ വര്‍ക്കുകൊണ്ട് പ്രതിച്ഛായ കൂട്ടാന്‍ കഴിയില്ല. കണ്‍സള്‍ട്ടന്‍സി രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല.
കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. അതിനാണ് കണ്‍സള്‍ട്ടന്‍സികളെ കൊണ്ടുവരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഇടപാട് അഴിമതി തന്നെയാണെന്നും സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ഓഫീസ് തുറക്കാന്‍ ഫയല്‍ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിയെ ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റെ കരട് സമര്‍പ്പിച്ചില്ലെന്ന് കാട്ടിയാണ് നീക്കമെങ്കിലും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നടപടികളില്‍ സര്‍ക്കാര്‍ കൈവയ്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സൂചനയുണ്ട്. ഐ.ടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് പ്രോജക്ടിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ നീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് കൂപ്പറിനെ ശുപാര്‍ശ ചെയ്തത് ഗതാഗതസെക്രട്ടറിയാണെങ്കിലും അതിന് ചരടുവലിച്ചത് പദ്ധതിയുടെ ഉപദേശകസമിതി കണ്‍വീനര്‍ എം. ശിവശങ്കറാണ്. കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ കൂപ്പറിനെ ഏല്പിക്കുന്നതിന് പിന്നിലും ശിവശങ്കർ തന്നെയായിരുന്നു. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെയാണ് ശിവശങ്കറിന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്. ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സിക്ക് ഗതാഗത കമ്മിഷണര്‍ കൂപ്പറിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും കരാറിന്റെ കരട് കമ്പനി സമര്‍പ്പിച്ചിട്ടില്ല. അതിന്റെ പേരില്‍ ഇനി അവരെ പരിഗണിക്കാതിരിക്കാം എന്നാണ് ആലോചന. കൂപ്പറുമായി കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് തടസങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാവില്ല.