മലയാളികള്‍ക്ക് നിരാശ , ടി 20 ടീമില്‍ ഇടം നേടാതെ സഞ്ജു

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ നിരാശരായി. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയില്ല. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍മാരായി റിഷഭ് പന്തും കെ.എല്‍.രാഹുലും ഇഷാന്‍ കിഷനും ടീമിലുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ടി 20 ടീമില്‍ സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍, ഓസീസിനെതിരായ ടി 20 മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനമല്ല താരം നടത്തിയത്. ഇതാണ് ഇംഗ്ലണ്ടിനെതിരായ ടി 20 സ്‌ക്വാഡില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാന്‍ പ്രധാന കാരണമായത്. മൂന്ന് ടി 20 മത്സരങ്ങളില്‍ യഥാക്രമം 23, 15, 10 എന്നിങ്ങനെയാണ് സഞ്ജു നേടിയ റണ്‍സ്. മാത്രമല്ല മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം. പ്രതിസന്ധി ഘട്ടങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജു ശ്രമിക്കുന്നില്ലെന്ന പരാതി ഓസീസ് പര്യടനത്തില്‍ ഉയര്‍ന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്ബരയില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി അന്തിമ ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യത. പന്ത് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഏകദിനത്തിലും ടി 20 യിലും പന്തിനെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്ബരയില്‍ പന്ത് മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക എന്ന സാധ്യത സഞ്ജുവില്‍ നിന്ന് അകലും. യുവതാരം ഇഷാന്‍ കിഷന് അവസരം നല്‍കിയതും സഞ്ജുവിന്റെ സാധ്യതകള്‍ കുറയ്‌ക്കുന്നു. ഏകദിന ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതയും വിദൂരമാണ്.
ഇന്ത്യയ്‌ക്കായി ഏഴ് ടി 20 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 83 റണ്‍സാണ് ആകെ നേടിയിരിക്കുന്നത്. 23 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ്ങില്‍ വേണ്ടത്ര മികവ് തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും ഫീല്‍ഡര്‍ എന്ന നിലയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്ബരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി, ഷാര്‍ദുല്‍ ഠാക്കൂര്‍