Kerala NewsLatest News

എറണാകുളത്തെ വോട്ടര്‍ പട്ടികയിലും ഗുരുതര ക്രമക്കേട്: ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം, തൃക്കാക്കര ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ഹൈബി ഈഡന്‍ എംപി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പൊതുസമൂഹത്തിന്റെ മുന്‍പില്‍ ഉയര്‍ത്തിയ ‘ഇരട്ട വോട്ട്’ വിഷയം വലിയ ജനശ്രദ്ധ നേടിയിരുന്നു. വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷനും സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് വന്‍ തോതില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്.

എറണാകുളം നിയോജക മണ്ഡലത്തില്‍ ആകെ 1,64,534 വോട്ടുകളാണ് ഉള്ളത്. അതില്‍ 2238 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. 2016ല്‍ എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആകെ എണ്ണം 1,54,092ആയിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ 1975 ഇരട്ടവോട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. എറണാകുളം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടി ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും 24-03-2021 ല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ ഇരട്ട വോട്ടുകള്‍ വ്യാപകമായി നടന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ തിരിമറി നടത്തിയാണ് ഇടതുപക്ഷം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതെന്ന യുഡിഎഫ് വാദം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. നിര്‍ണായകമായ നിരവധി ഡിവിഷനുകളില്‍ നാമമാത്രമാണ് വിജയികളുടെ ഭൂരിപക്ഷം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെതന്നെ ജനാധിപത്യത്തെ കാശാപ്പുചെയ്യുന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷവും സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button