Kerala NewsLatest NewsUncategorized

പിസി വിഷ്ണുനാഥ് കുണ്ടറയിൽ, കൽപറ്റയിൽ സിദ്ദിക്ക്, നിലമ്പൂരിൽ വി.വി.പ്രകാശ്: അവശേഷിക്കുന്ന അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പിന്നീട് പ്രഖ്യാപിക്കും

തിരുവനന്തപുരം: പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും സ്ഥാനാർഥികളാകും. അവശേഷിക്കുന്ന അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന്തന്നെയോ അല്ലങ്കിൽ നാളെയോ പ്രഖ്യാപിക്കും.

ആര്‍.എംപിക്ക് വിട്ടുകൊടുത്ത വടകരയും ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയ ധര്‍മ്മടവും കോണ്‍ഗ്രസ് തിരിച്ചെടുത്തു. വടകരയില്‍ കെ.കെ രമ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. രമ മല്‍സരിക്കുന്നെങ്കില്‍ മാത്രം വടകരയില്‍ ആര്‍.എം.പിയെ പിന്തുണച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. ഇതോടെ വടകരയില്‍ കോണ്‍ഗ്രസും ആര്‍.എംപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നുറപ്പായി.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് അറിയിച്ചതോടെയാണ് ആ സീറ്റും കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടി വന്നത്. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 94 ആയി. ഏറ്റെടുത്ത രണ്ടെണ്ണം ഉള്‍പ്പടെ എട്ടിടത്തെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടരുകയാണ്. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവരാണ് നിലവില്‍ പട്ടികയിലുള്ളത്. പട്ടാമ്പിയില്‍ മല്‍സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്തും തവനൂരിലേക്കില്ലെന്ന് റിയാസ് മുക്കോളിയും നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

മണ്ഡലത്തിന് പുറത്തുനിന്ന് ആര് വന്നാലും വിമതനെ നിര്‍ത്തുമെന്നാണ് വട്ടിയൂര്‍ക്കാവിലെ പ്രാദേശിക നേതാക്കളുടെ ഭീഷണി. ലതിക സുഭാഷ് ഏറ്റുമാനൂരില്‍ വിമതയായി മല്‍സരിക്കുന്നതും, ഇരിക്കൂറിലെ സ്ഥാനാര്‍ഥിക്കെതിരെ കെ.സി ജോസഫ് രംഗത്ത് വന്നതും തലവേദനയാകും. എന്‍.സി.കെ യ്ക്ക് എലത്തൂര്‍ സീറ്റ് വിട്ടുകൊടുത്തതിനെതിരെ എം.കെ രാഘവന്‍ എം.പിയും ‌പ്രതിഷേധത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button