മകളുടെ മൃതദേഹം പുഴയില്‍ നിന്ന് കിട്ടിയതിന് പിന്നാലെ കാണാതായ സനുമോഹന് കര്‍ണാടകയില്‍ അറസ്റ്റില്‍; ചോദ്യംചെയ്യുന്നു
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന് കര്‍ണാടകയില്‍ പിടിയില്‍. സനുമോഹനെ പോലീസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം.
സനുമോഹനെ കേരള പോലീസ് പിടികൂടിയതായി കര്‍ണാടക പോലീസും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സനുമോഹനെ കൊച്ചി പോലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം.
സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന് ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.