വൈഗയെ കൊന്നത് അച്ഛന്‍ തന്നെയെന്ന് പൊലീസിന് സംശയം,ഫ്ലാറ്റില്‍ അസ്വഭാവികമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ്
കാക്കനാട്: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്‍ തന്നെയാണോ അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു പൊലീസ്. സനുവിന്റെ ഫ്ലാറ്റില്‍ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയാണെന്നു സ്ഥിരീകരിച്ചതോടെയാണ് സംശയം ബലപ്പെടുന്നതും.
മറ്റു ചില നിര്‍ണായക തെളിവുകളും ഫ്ലാറ്റിലെ ഫൊറന്‍സിക് പരിശോധനയില്‍ ലഭിച്ചതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്. രക്തം ആരുടേതാണെന്നു കണ്ടെത്താന്‍ വേറെ പരിശോധന വേണ്ടി വരും. വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തുന്നതിനു തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവികമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.
വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം കൂടി കിട്ടിയാലേ വ്യക്തത ലഭിക്കൂ. സനുവിനെ കണ്ടെത്തിയാലേ ദുരൂഹതയുടെ ചുരുളഴിയുകയുള്ളു. ഇദ്ദേഹത്തെ തേടി ചെന്നൈക്കു പോയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഫോണ്‍ വിവരങ്ങളില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു ചെന്നൈയിലെ അന്വേഷണം.
ഫ്ലാറ്റില്‍ നിന്നു വൈഗയെ തോളില്‍ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റില്‍ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘര്‍ഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങള്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തില്‍ പരുക്കൊന്നുമില്ലായിരുന്നു. മുങ്ങി മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
സനു മോഹന്‍ നിരവധി സാമ്ബത്തിക കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്ബത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയില്‍ ബിസിനസ് നടത്തുകയായിരുന്ന സനുമോഹന്‍. സനുവിന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചു പുണെയില്‍ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.