ഡോ. എം. ലീലാവതിക്ക് 2020 ലെ ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം.

തിരുവനന്തപുരം /പ്രശസ്ത സാഹിത്യ നിരൂപകയായ ഡോ. എം. ലീലാവതിക്ക് 2020 ലെ ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം. മഹാകവി ഒ.എൻ.വി.യുടെ സ്‌മരണ മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള ഒ.എൻ.വി. കൾച്ചറൽ അക്കാദമി വർഷംതോറും നൽകുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
സുഗതകുമാരി, എം.ടി, അക്കിത്തം എന്നിവർക്കാണ് മുമ്പ് ഈ പുരസ്‌കാരം നൽകിയിട്ടുള്ളത്. മലയാളസാഹിത്യ നിരൂപണരംഗത്തെ സർഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമർശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നിൽക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാർഡു നിർണയ സമിതി അഭിപ്രായപ്പെടുകയായിരുന്നു. ഏഴുപതിറ്റാണ്ടിലേറെക്കാ ലമായി ലീലാവതി ടീച്ചർ നടത്തുന്ന സാഹിത്യസപര്യ ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും സമിതി വിലയിരുത്തുകയുണ്ടായി.വർണരാജി, അമൃതമശ്‌നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവർത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികൾ. പുരസ്‌കാരം, കൊച്ചിയിലെ വസതിയിൽ എത്തി സമർപ്പിക്കും.