ഹോപ് പ്രോബ്: യുഎഇയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പെൺകരുത്ത്; സാറ അൽ അമീരി

അബുദാബി: യുഎഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനമായി ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അൽഅമൽ) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി എന്ന വൻ നേട്ടം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. യുഎഇ ചരിത്ര നേട്ടത്തിലെത്തിയപ്പോൾ അതിന് നേതൃത്വം വഹിച്ചത് ഒരു വനിതയും- രാജ്യത്തിൻറെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അൽ അമീരി എന്ന 34കാരി. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥം തൊട്ടപ്പോൾ യുഎഇ ലോകരാജ്യങ്ങൾക്ക് മുമ്പിൽ സ്ത്രീശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് കുറിച്ചത്.
സുപ്രധാനമായ ഈ ദൗത്യത്തിന്റെ ചുമതല നാലരവർഷം മുമ്പ് സാറ അൽ അമീരിയെ ഏൽപ്പിച്ചപ്പോൾ എതിർത്തവർക്കുള്ള മറുപടിയാണ്, രാജ്യം സ്വപ്‌നതുല്യമായ ഈ നേട്ടം. ബഹിരാകാശം പ്രവർത്തന മേഖലയായി ചെറുപ്പത്തിൽ തന്നെ മനസ്സിൽ കുറിച്ചിട്ടാണ് സാറ അൽ അമീരി വളർന്നത്. ബഹിരാകാശം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിൽ നിന്ന് അവർ ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം കമ്പ്യൂട്ടർ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറ പിന്നീട് എമിറേറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ അഡ്വാൻഡ്‌സ് സയൻസസ് ആൻഡ് ടെക്‌നോളജിയിൽ പ്രവർത്തിച്ചു.
2009ലാണ് സാറ അൽ അമീരി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെത്തുന്നത്. ചെറുപ്പത്തിൽ കണ്ട സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്. 2016ൽ സാറ എമിറേറ്റ്‌സ് സയൻസ് കൗൺസിലിന്റെ മേധാവിയായി. 2017ൽ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായി. പിന്നീട് സ്‌പേസ് ഏജൻസിയുടെ ചെയർവുമൺ പദവിയിലെത്തി. 2020ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി തയ്യാറാക്കിയ പട്ടികയിൽ സാറ അൽ അമീരിയും ഉണ്ടായിരുന്നു.
സാറയുടെ കഴിവും അഭിനിവേശവും തിരിച്ചറിഞ്ഞ രാജ്യം ഹോപ് പ്രോബ് ദൗത്യത്തിന്റെ ചുമതലയും അവർക്ക് നൽകുകയായിരുന്നു. വിജയിക്കാൻ 50 ശതമാനം സാധ്യത മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തിയ ദൗത്യം വിജയകരമായി പൂർത്തിയാക്കുമ്പോൾ സാറ സാക്ഷാത്കരിച്ചത് തനിക്കൊപ്പം വളർന്ന ഒരു സ്വപ്‌നം കൂടിയാണ്.
ഏഴു മാസത്തെ യാത്രയ്ക്ക് ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയതോടെ ഈ ലക്ഷ്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യവും യുഎഇ ആണ്. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വർഷം ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്.
ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ ഉള്‍പ്പെടുന്ന സംഘമാണ്. 34 ശതമാനമാണ് ഹോപ് പ്രോബ് പദ്ധതിയിലെ സ്ത്രീ പ്രാതിനിധ്യം. ഒരു ശാസ്ത്ര സാങ്കേതിക ദൗത്യത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയതിലൂടെ, സുപ്രധാന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കുന്നതില്‍ പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ് യുഎഇ.